സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പരാജയപ്പെടുമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചന. രണ്ടായിരം വോട്ടുകൾക്കു സിപിഎം സ്ഥാനാർഥിയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക് സി.തോമസ് ഉമ്മൻചാണ്ടിയെ സ്വന്തം തട്ടകമായ പുതുപ്പള്ളിയിൽ അട്ടിമറിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
മലമ്പുഴയിൽ സിപിഎമ്മിന്റെ ഉറച്ച കോട്ടയിൽ വിഎസിനെ വീഴ്ത്താൻ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം തന്നെ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ട്. കെഎസ് യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി വിഎസ് അച്യുതാനന്ദനെ വീഴ്ത്തുന്നത് ആയിരം വോട്ടിനായിരിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയുടെ സേവനം പൂർണമായും ഒഴിവാക്കി കേന്ദ്ര ഇന്റലിജൻസ് സേനയുടെ ഡൽഹിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു സാഹചര്യങ്ങൾ പഠിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കേരള സാഹചര്യത്തിൽ ബിജെപി – ബിഡിജെഎസ് സഖ്യം കേരളത്തിൽ വൻ പരാജയമായിരിക്കുമെന്ന വിലയിരുത്തലാണ് ഇപ്പോൾ ഇന്റലിജൻസ് വിഭാഗം നൽകിയിരിക്കുന്നത്. കാസർകോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലായി നാലു സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നു പറയുന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ എൻഡിഎ ഘടകകക്ഷികൾ ഒരിടത്തു പോലും വിജയിക്കുമെന്ന സാധ്യത പറയുന്നില്ല.
പുതുപ്പള്ളിയിൽ അൻപതാം വർഷം തികയ്ക്കാനിറങ്ങുന്ന ഉമ്മൻചാണ്ടിയുടെ സഭകളുടെ അപ്രീതി തന്നെയാണ് പാരയാകുന്നത്. സഭകൾക്കൊപ്പം മണ്ഡലത്തിൽ പുതുതായി ചേർത്ത് 15000 വോട്ടുകളും ഉമ്മൻചാണ്ടിയെ ഭയപ്പെടുത്തുന്നു. കേരള കോൺഗ്രസും – കോൺഗ്രസും ചേർന്നുള്ള കുറുമുന്നണിയാണ് ഇവിടെ ഉമ്മൻചാണ്ടിയെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകം. ബാർകോഴക്കേസിൽ പാർട്ടി ചെയർമാൻ കെ.എം മാണിയെ കുടുക്കിയ ഉമ്മൻചാണ്ടിക്കെതിരായ പോരാട്ടമായാണ് പുതുപ്പള്ളിയിലെ കേരള കോൺഗ്രസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിനെ കണ്ടെരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നതിനാണ് ഇപ്പോൾ പ്രാദേശിക കേരള കോൺഗ്രസ് ഘടകം തീരുമാനിച്ചിരിക്കുന്നതെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിലുണ്ട്. ഇതെല്ലാം സിപിഎം ചിഹ്നത്തിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ജെയ്ക് സി.തോമസിനു ഗുണം ചെയ്യുമെന്നു ഇന്റലിജൻസ് ബ്യറോ റിപ്പോർട്ട് ചെയ്യുന്നു.
മലമ്പുഴയിൽ നാലാം അങ്കത്തിനിറങ്ങുന്ന വിഎസ് അച്യുതാനന്ദനു പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ തന്നെ പാരയാണ് ഉണ്ടാകുക. വിഭാഗീയതയുടെ മറവിൽ നടക്കുന്ന ഗ്രൂപ്പ് യുദ്ധമാവും ഇവിടെ അച്യുതാനന്ദന്റെ അടിതെറ്റിക്കുക. തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ച് അധികാരം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് ഇക്കുറി വിഎസിനെ വീഴ്ത്താൻ മലമ്പുഴയിൽ പാർട്ടി കേന്ദ്രങ്ങൾ വാരിക്കുഴിയൊരുക്കുന്നത്.