തിരുവനന്തപുരം: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി. രാജീവിന് പറ്റിയ അബദ്ധം ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ഷാര്‍ജ ജയിലില്‍ നിന്നു മോചിതനായി മടങ്ങുന്ന ആളുടെയെന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായി ആക്രമണം തുടരുകയാണ് രാഷ്ട്രീയ എതിരാളികള്‍. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇതില്‍ ഏറ്റവും രസകരം. സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നു പറഞ്ഞാണ് ബല്‍റാം പോസ്റ്റ് ആരംഭിക്കുന്നത്. ഇത്രയും വലിയ ലഗേജുമായി അതില്‍ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാന്‍ മാനിക്കുന്നു. സംഘികളേക്കാള്‍ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബര്‍ സഖാക്കള്‍ എന്ന് തിരിച്ചറിയാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെയെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് പൂർണ്ണമായി ….
CPM ജില്ലാ സെക്രട്ടറിയും മുൻ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവർ അദ്ദേഹത്തെ തിരിച്ചേൽപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
കേരള സന്ദർശനം കഴിഞ്ഞ് ഷാർജ ഷേയ്ക്ക് തിരിച്ച് നാട്ടിൽ വിമാനമിറങ്ങുന്നതിന് മുൻപേ ജയിലിൽ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാൾ ഇത്രയും വലിയ ലഗേജുമായി അതിൽ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയെ ഞാൻ മാനിക്കുന്നു. സംഘികളേക്കാൾ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബർ സഖാക്കൾ എന്ന് തിരിച്ചറിയാൻ ഇതുപോലുള്ള അവസരങ്ങൾ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ.
‘ബാലരമ’ വായിക്കുന്നവരേക്കാൾ എത്രയോ ചിന്താശേഷിയുള്ളവരാണ് ‘ചിന്ത’ വായിക്കുന്നവർ എന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നത്.