
കൊച്ചി: സംവരണം എന്ന വിഷയം വലിയ ചര്‍ച്ച ആയിരിക്കുകയാണ്. പ്രത്യേകിച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇന്നലത്തെ പ്രസ്താവനയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന്, ജാതി സംവരണത്തിന്റെ അനിവാര്യത അണികളെ ബോധ്യപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ക്യാമ്പയിന്‍ നടത്തണമെന്ന് പ്രഖ്യാപിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നതിനുശേഷം സംഘ് പരിവാറിലേക്ക് ആളെക്കൂട്ടുന്നതില്‍ ഏറ്റവുമധികം പങ്ക് വഹിച്ചു വരുന്ന ഒരു മര്‍മറിംഗ് ക്യാമ്പയിന്‍ ജാതി സംവരണ വിരുദ്ധതയുടേതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ള പോപ്പുലര്‍ മീഡിയയിലൂടെയും പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ചാണ് ഒളിച്ചു കടത്തപ്പെട്ടിരുന്നത്.
ഒരുകാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു: ജാതി സംവരണമെന്തിനെന്ന് മനസ്സിലാവാത്തവരുടേയും അതിന് പകരമായി സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരുടേയും സ്ഥാനം ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാറിനൊപ്പം തന്നെയായിരിക്കും. ചരിത്രബോധമാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും വിടി ബല്‍റാം വ്യക്തമാക്കി