തിരുവനന്തപുരം: സ്വാശ്രയ സമരത്തിന്റെ പേരില്‍ ഉയരുന്ന പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. ഇന്നലെകളില്‍ നിങ്ങളുയര്‍ത്തിയ ന്യായങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരെത്തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് തിരിച്ചറിയാത്തവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും ബല്‍റാം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
പുതിയ സ്ഥാനലബ്ധികളോടെ വിപ്ലവയൗവനത്തിന്റെ പഴയ പുറംപൂച്ചുകള്‍ അഴിച്ചുമാറ്റി വ്യവസ്ഥിതിയുടെ സംരക്ഷകരായി, സര്‍വ്വാധിപതിയുടെ വാഴ്‌ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ ഭാഗത്തുനിന്നുള്ള പരിഹാസങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദ്ദേഹം വ്യക്തമാക്കി
വി ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നു.
പ്രത്യേകിച്ചും പുതിയ സ്ഥാനലബ്ദികളോടെ വിപ്ലവയൗവനത്തിന്റെ പഴയ പുറംപൂച്ചുകള്‍ അഴിച്ചുമാറ്റി വ്യവസ്ഥിതിയുടെ സംരക്ഷകരായി, സര്‍വ്വാധിപതിയുടെ വാഴ്‌ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ ഭാഗത്തുനിന്നുള്ളത്.ഇന്നലെകളില്‍ നിങ്ങളുയര്‍ത്തിയ ന്യായങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരെത്തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് തിരിച്ചറിയാത്തവരോട് സഹതാപം മാത്രം.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമരം പാതിവഴിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ധാരാളം അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. നിരാഹാര സമരം പിന്‍വലിച്ചതിനെയും റിലേ നിരാഹാരം നടത്തിയതിനേയുമാണ് ഏറെപ്പേരും പരിഹസിച്ചത്. വി ടി ബല്‍റാം നിരാഹാരം നിരാഹാരം തുടങ്ങി ഒരു ദിവസം തികയും മുന്‍പാണ് നിരാഹാര സമരം പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞദിവസം സ്വാശ്രയ സമരത്തെ പരിഹസിച്ച് സ്വരാജ പോസ്റ്റിട്ടിരുന്നു.സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയ സാഹചര്യത്തില്‍ നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നത് എന്ത് കൊണ്ടാണെന്ന് സ്വരാജ് ചോദിച്ചു. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം നാണംകെട്ട് പിരിയണം എന്ന ഗ്രൂപ്പ് താത്പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സ്വരാജ് ചോദിക്കുന്നു.പത്തുനാള്‍ സഭ സമ്മേളിക്കാത്തതിനാല്‍ സമരം പുറത്തേക്കു വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നു എന്ന ചോദ്യമാണ് സ്വരാജ് പ്രധാനമായും ഉന്നയിക്കുന്നത്.
സഭയില്ലാത്ത സാഹചര്യത്തില്‍ നിരാഹാരം വേണ്ടെന്നാണെങ്കില്‍ നാളെ അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത് എന്ന സംശയവും സ്വരാജ് മുന്നോട്ടുവെക്കുന്നുണ്ട്. സമരം നടത്താനും നിര്‍ത്താനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടാണ് ഈ സംശയങ്ങള്‍ ഇവിടെ കുറിക്കുന്നതെന്ന് സ്വരാജ് വ്യക്തമാക്കുന്നു.
ഫേസ്ബുക്കിെന്‍റ പൂര്‍ണ്ണ രൂപം
സംശയം …
അടുത്ത പത്തുനാള്‍ സഭ സമ്മേളിക്കാത്തതിനാല്‍ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ്.
ശരി.നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ?
സഭയില്‍ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോള്‍ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അര്‍ത്ഥം. ?
നേരത്തെയുള്ള കലണ്ടര്‍ പ്രകാരം നാളെ കഴിഞ്ഞാല്‍ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തില്‍ നിരാഹാരം വേണ്ടെന്നാണെങ്കില്‍ നാളെ എന്തായാലും അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബല്‍റാം ആവേശത്തോടെ തുടക്കം കുറിച്ചത് ?
സമരം നടത്താനും നിര്‍ത്താനുമുള്ള പൂര്‍ണ അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ തോന്നിയ സംശയം ഇവിടെ കുറിച്ചെന്ന് മാത്രം. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം ‘നാണം കെട്ടുപിരിയണം’ എന്ന ഗ്രൂപ്പ് താല്‍പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്?