തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ശരിവെച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധ സമരം നയിച്ചതിന് റിമാന്‍ഡില്‍ കഴിഞ്ഞ രാഹുല്‍ ഈശ്വര്‍ വീണ്ടും കുരുക്കിലേക്ക്. മലമുകളില്‍ പ്രക്ഷോഭത്തിനു തയാറെടുക്കുന്നു എന്ന തലക്കെട്ടുമായി വാക്കി ടോക്കികള്‍ കൈയ്യില്‍ വെച്ചുകൊണ്ടുള്ള രാഹുല്‍ ഈശ്വറിന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍. അയ്യപ്പഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനായി ഒരുക്കിയ വോക്കി ടോക്കികളുമായി നില്‍ക്കുന്ന ചിത്രമാണ് ഇന്നലെ രാഹുല്‍ ഈശ്വര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ചിത്രത്തിലുള്ള വോക്കി ടോക്കി സംവിധാനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി.
ബാവോഫെങ് എന്ന ചൈനീസ് ജനറിക് വോക്കി ടോക്കി സംവിധാനമാണ് രാഹുലിന്റെ പക്കലുള്ളത്.എന്നാല്‍ ഇതിന് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ അനുമതി ഒരിക്കലും കിട്ടില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഫ്രീക്വന്‍സി പ്രോഗ്രാം ചെയ്യാന്‍ കഴിയുന്നതിനാല്‍ പൊലീസ് വയര്‍ലെസ് ഫ്രീക്വന്‍സിയില്‍ നുഴഞ്ഞുകയറി സന്ദേശങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. 420 മുതല്‍ 470 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബാവോഫെങ് വയര്‍ലെസ് അനധികൃതമായി ഇന്ത്യയില്‍ പലയിടത്തും വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.