നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണ്ണാടക :കേരളത്തിന്റെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കാസർകോട് : കോവിഡിനിടയിൽ നിലപാട് കടുപ്പിച്ച് കർണ്ണാടക. കേരളത്തിന്റെ അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ച് കർണാടക ഉത്തരവ് ഇറക്കി. കേരളത്തിന് പുറമെ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും കർണാടക വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ പുതിയ കർഫ്യൂ അല്ലെന്നും നേരത്തെയുണ്ടായിരുന്ന ഉത്തരവ് പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് കർണാടക വിശദീകരണം നൽകിയിരിക്കുന്നത്.

രാത്രികാല കർഫ്യൂ തുടങ്ങുന്ന സമയം സംസ്ഥാനത്ത് ഒരു മണിക്കൂർ നേരത്തേയാക്കുകയും ചെയ്തു. കേരളവുമായി ചേർന്ന് കിടക്കുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂരു, ചാമരാജനഗർ, മഹാരാഷ്ട്രയോട് ചേർന്ന ബെലഗാവി, വിജയപുര, കലബുറുഗി, ബിഡർ എന്നീ ജില്ലകളിലാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് സ്ഥിരീകരിക്കുന്നതാണ് നിയന്ത്രണം കടുപ്പിക്കാൻ കാരണം.ഈ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ശക്തമായി തുടരാനും തീരുമാനമായിട്ടുണ്ട്.

അതേസമയം കർണാടകയിൽ ഒൻപത് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് ഓഫ്‌ലൈൻ ക്ലാസുകൾ ഈ മാസം 23ന് തുടങ്ങും.

Top