ന്യൂഡല്‍ഹി: പ്രസിദ്ധ ആപ്ലിക്കേഷനായ വാട്‌സാപ്പിലെ ഇമോജിക്കെതിരെ വക്കീല്‍ നോട്ടീസ്. വാട്‌സ്ആപ്പിലെ നടുവിരല്‍ ഇമോജി അശ്ലീലമാണെന്നും ഇന്ത്യില്‍ കുറ്റകരമാണെന്നും കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കുറ്റകരമായ ആഭാസ പ്രകടനം നീക്കം ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസ് അയച്ച ഡല്‍ഹിയിലെ അഭിഭാഷകന്‍ പറയുന്നത്.
15 ദിവസത്തിനുള്ളില്‍ ഇമോജി നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ കമ്പനിയ്ക്കെതിരെ കേസ് നല്‍കുമെന്നും അഭിഭാഷകനായ ഗുര്‍മീത് സിങ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
‘ഐ.പി.സി സെക്ഷന്‍ 354, 509 അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ അശ്ലീലവും ആഭാസവും കുറ്റകരവുമായ ആംഗ്യങ്ങള്‍ കാണിക്കുന്ന കുറ്റകരമാണ്. ആരെങ്കിലും അത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. 1994 ലെ ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റിലെ സെക്ഷന്‍ ആറ് അനുസരിച്ച് നടുവിരല്‍ ഉയര്‍ത്തുന്നത് അയര്‍ലണ്ടില്‍ കുറ്റകരമാണെന്നും ഗുര്‍മീത് സിങ് പറഞ്ഞു.
‘ നിങ്ങളുടെ ആപ്ലിക്കേഷനില്‍ നടുവിരല്‍ ഇമോജി ഉപയോഗിക്കാന്‍ അനുവദിക്കുന്നതോടെ നിങ്ങള്‍ ഈ കുറ്റകരവും ആഭാസകരവുമായ ആംഗ്യം ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയാണ്.’ എന്നും നോട്ടീസില്‍ പറഞ്ഞു.
ഒരു ആശയമോ വികാരമോ പ്രകടിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ചെറുചിത്രങ്ങളാണ് ഇമോജി. വാട്സ്ആപ്പ് അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയാ സേവനങ്ങളും ഇന്ന് ഇമോജികള്‍ ഉപയോഗിക്കുന്നുണ്ട്.