പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; വീഡിയോ കോളില്‍ പുതിയ പരീക്ഷണത്തിനും ശ്രമം

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇനി വോയ്സ്‌കോള്‍, വീഡിയോകോള്‍ സൗകര്യം കൂടുതല്‍ എളുപ്പമാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ്.

നിലവില്‍ വോയ്സ്‌കോള്‍ ചെയ്യുന്നവര്‍ക്ക് ആ കോള്‍ കട്ട് ചെയ്തതിന് ശേഷം മാത്രമേ വീഡിയോകോളിലേക്ക് മാറാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ വോയ്സ്‌കോള്‍ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെ വീഡിയോകോളിലേക്ക് മാറാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് പുതിയതായി ഒരുക്കുന്നത്. വാട്സ്ആപ്പിന്റെ ബീറ്റാ പരീക്ഷണങ്ങളെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ എപ്പോഴും പുറത്തുവിടാറുള്ള വാബീറ്റാഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഈ വാര്‍ത്തയും പുറത്ത് വിട്ടിരിക്കുന്നത്.

വോയ്സ്‌കോളില്‍ നിന്നും വീഡിയോ കോളിലേക്കുള്ള മാറ്റത്തിനായി പ്രത്യേക ബട്ടണ്‍ നല്‍കും. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോയ്സ്‌കോള്‍ മുറിയാതെ തന്നെ ക്യാമറ ഓണാവുകയും വീഡിയോകോളിലേക്ക് മാറാന്‍ സാധിക്കുകയും ചെയ്യും. മാത്രവുമല്ല വോയ്സ് കോളിനിടെ മറ്റൊരാളില്‍ നിന്നും വരുന്ന ഇങ്ങനെയുള്ള വീഡിയോകോള്‍ റിക്വസ്റ്റുകള്‍ വേണ്ടെന്നുവെക്കാനുള്ള സൗകര്യവും ഉണ്ടാവും.

വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ 2.17.163 പതിപ്പിലാണ് പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഗ്രൂപ്പ് വോയ്സ്‌കോള്‍ സൗകര്യം അവതരിപ്പിക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്.

അടുത്തിടെയാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറും തത്സമയ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ‘ ലൈവ് ലൊക്കേഷന്‍ ഷെയര്‍’ ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതുകൂടാതെ ആപ്പിള്‍ ഐപാഡുകള്‍ക്കായി പ്രത്യേകം വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്.

Top