
പോംഗ്യാംഗ്: ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ അവരുടെ തന്നെ നഗരത്തില്‍ പതിച്ചതായി സൂചന. വിക്ഷേപിച്ച് മിനിട്ടുകള്‍ക്കമാണ് മിസൈല്‍ തകര്‍ന്നു വീണത്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പോംഗ്യാംഗിന് 90 മൈല്‍ ദൂരെയുള്ള ടോക്‌ച്ചോണിലാണ് മിസൈല്‍ പതിച്ചത്.
നഗരപ്രാന്തത്തിലുള്ള വ്യവസായ മേഖലയിലോ, കാര്‍ഷിക പ്രദേശത്തോ ആയിരിക്കാം മിസൈല്‍ പതിച്ചിട്ടുണ്ടാവുക എന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ജനവാസ മേഖലയിലാണോ മിസൈൽ പതിച്ചതെന്നും സംശയമുണ്ട്.
പുക്കാംഗ് എയര്‍ ഫീല്‍ഡില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍, 24 മൈല്‍ ദൂരത്തോളം സഞ്ചരിച്ചതിനു ശേഷമാണ് നിലം പതിച്ചത്. എഞ്ചിന്‍ തകരാറാകാം അപകട കാരണമെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം, മിസൈല്‍ പതനം സംബന്ധിച്ച് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.