ഹൈറേഞ്ചിലെ വളവുകള്‍ തിരിഞ്ഞ് വോള്‍വോ ബസുകളിലൊരെണ്ണം കുമളിയിലെത്തിയപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമല്ലാതെ യാത്രക്കാരാരും ബസിലുണ്ടായിരുന്നില്ല. കാരണം മിനിമം ചാര്‍ജിലും ഇരട്ടി തുക നല്‍കേണ്ടതുകൊണ്ട് സാധാരണക്കാരായ ആരും തന്നെ ഈ ബസില്‍ കയറുന്നില്ല എന്നതാണ് വാസ്തവം. ഗതാഗത യോഗ്യമായ റോഡുകള്‍ പോലുമില്ലാത്ത നാട്ടില്‍ ലൊ ഫ്‌ലോര്‍ ബസുകള്‍ നിരത്തിലിറക്കി തരങ്കം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഓര്‍ഡിനറി ബസുകള്‍ക്ക് പോലും നേരെചൊവ്വേ സര്‍വിസ് നടത്താന്‍ പറ്റാത്ത നാട്ടിലാണ് ഇത്തരം ആഡംബര ബസുകളുടെ കടന്നു വരവ്. മതിയായ സുരക്ഷയോ സൗകര്യങ്ങളോ ഇല്ലാത്ത നിരത്തുകള്‍ കേടുപാടുകള്‍ വരാതെ പണികഴിപ്പിക്കുവാന്‍ ഇന്നുവരെ ആരും തുനിഞ്ഞിട്ടില്ല. കാലവര്‍ഷം അലറിവിളിക്കുമ്പോള്‍ നിറഞ്ഞുകവിയുന്ന റോഡിലെ കുഴികള്‍ അപകടം സൃഷ്ടിക്കുന്നു.
കുമളിയുടെ സമീപ പ്രദേശങ്ങള്‍ സഞ്ചാരികളെ സ്വാധീനിക്കുന്ന മനോഹരങ്ങളായ പ്രദേശങ്ങളാണ്. അതിന് ഉദാഹരണമാണ് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടി. കോട്ടയം കുമളി ദേശീയ പാദയില്‍ കുമളിയിലേക്കുള്ള പ്രവേശന കവാടം(ഹോളിഡേ ഹോമിന് താഴ്‌വശം) വര്‍ഷങ്ങളായി ഒരേ നിലയിലാണ്. ഇവിടം മനോഹരമാക്കിയെടുത്താല്‍ കുമളിയുടെ ഭാവം തന്നെ മാറും. വര്‍ഷത്തില്‍ പല തവണ റോഡുപണി നടക്കുന്നുണ്ടെങ്കിലും മഴക്കാലമാകുമ്പോള്‍ തൊലിപൊളിയുന്ന അവസ്ഥയാണ് ഈ മേഖലയിലെ റോഡുകള്‍ക്ക്.
ഒട്ടകത്തലമേട്, നാലാംമൈല്‍ പാണ്ടിക്കുഴി, ചെല്ലാര്‍കോവില്‍മേട് തുടങ്ങിയ ഉള്‍പ്രദേശങ്ങളിലേക്ക് വികസനം വേണ്ടവിധത്തില്‍ നടക്കാത്തതിന് മുഖ്യ കാരണമാണ് അനുയോജ്യമായ നിരത്തുകളുടെ അഭാവം. വിനോദ സഞ്ചാര മേഖല വഴി വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്ന ഈ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍ ഇടപെട്ടുവേണം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍. പ്രധാനമായി കുമളിയെയും അണക്കര ചെല്ലാര്‍കോവിലിനെയും ബന്ധിപ്പിച്ച് ഒരു പദ്ധതി നടപ്പാക്കിയാല്‍ അത് വന്‍ നേട്ടങ്ങള്‍ക്ക് വഴി തുറക്കും. രണ്ടാം മൈലിനെ മൂന്നാം മൈലുമായി ബന്ധിപ്പിക്കുന്ന റോഡ് നാളുകളായി തകര്‍ന്ന നിലയിലാണ്. ഈ പാതയുടെ വികസനവും ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായകമാകും. ടൂറിസത്തിന് അനന്ത സാധ്യതകളാണ് ഈ മേഖലയിലുള്ളത്. വലിയ പാറ വഴിയുള്ള പാണ്ടിക്കുഴി റോഡുമായി നാലാം മൈല്‍ റോഡിനെ ബന്ധിപ്പിക്കുക. അനാവശ്യമായി നിര്‍മിച്ചിരിക്കുന്ന നടകള്‍ എടുത്ത് മാറ്റി വേണം ഇത് നടപ്പാക്കുവാന്‍. മാലിന്യനിര്‍മാര്‍ജനം നടപ്പിലാക്കി കുമളി ടൗണിനെ മോഡിപിടിപ്പിക്കുക വഴി ശുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിയും.
ഇവിടെയെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും പരാതിപ്പെടുന്നത് കുമളിയിലെ വൃത്തിഹീനമായ ഓടകളെപ്പറ്റിയാണ്. മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങളുള്‍പ്പെടെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യകൂമ്പാരങ്ങളുമായാണ് ഓടകള്‍ മുമ്പോട്ട് ഒഴുകുന്നത്. ഇവ മൂടുകയോ വൃത്തിയാക്കുകയോ ചെയ്താല്‍ പകുതി പണി കഴിഞ്ഞു എന്ന് പറയാം. റോഡിലേക്ക് ചെളിവെള്ളം ഒഴുക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നവീകരിക്കുക. കാലഹരണപ്പെട്ട വാഹനാവശിഷ്ടങ്ങള്‍ തൂക്കിവിറ്റാലും തരക്കേടില്ല. കുമളിയില്‍ നിന്നും തേക്കടിയിലേക്കുള്ള വീഥിയോരങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭക്ഷണശാലകള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാല്‍ അത് വലിയൊരു നേട്ടമായിരിക്കും. കൂടാതെ ഹോം മെയ്ഡ് ചോക്ലേറ്റുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ വിപണിയും ഇവിടെ പൊടിപൊടിക്കാവുന്നതാണ്. പഞ്ചായത്തിന്റെ ഭക്ഷണ ശാലകള്‍ തുടങ്ങിയാല്‍ അത് വീട്ടമ്മമാര്‍ക്ക് തൊഴിലും നിഴലുമായേക്കും. ഉള്‍പ്രദേശങ്ങളായ രണ്ടാംമൈല്‍, മൂന്നാം മൈല്‍ ,നാലാം മൈല്‍ തുടങ്ങിയിടങ്ങളിലേക്ക് നിലവിലുള്ള പഞ്ചായത്ത് റോഡുകള്‍ ടാറിട്ട് ഗതാഗതയോഗ്യമാക്കിയാല്‍ മലമ്പ്രദേശങ്ങളിലേക്ക് വാഹനങ്ങള്‍ എത്തുകയും അതുവഴി കൃഷിക്കാരായ സാധാരണക്കാര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സാധിക്കുകയും ചെയ്യും. കാലി വളര്‍ത്തലും, മറ്റ് ഉപജീവന മാര്‍ഗങ്ങളുമാണ് ഇവിടെ പ്രധാനമായുള്ളത്. നാണ്യവിളകളായ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവയുടെ ഉല്പാദനവും കച്ചവടവും ഗതാഗത സൗകര്യങ്ങളുടെ വളര്‍ച്ചയോടെ ഇവിടെ വലിയ തോതില്‍ സാധ്യമാകും.
മികച്ച യാത്രാ സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുകയും ചെയ്യും നിലവില്‍ പഞ്ചായത്ത് ഭരണാധികാരികള്‍ വമ്പന്‍ തുക ചിലവാക്കി നിര്‍മിച്ച കലുങ്കുകള്‍ റോഡുകളേക്കാള്‍ ദയനീയമായ സ്ഥിതിയിലാണ്. അതിന് വകകൊള്ളിച്ച നോട്ടുകെട്ടുകള്‍ കൈമറിഞ്ഞ് രൂപം മാറിയിട്ടുണ്ടാവാം. കഴിഞ്ഞ വര്‍ഷമാണ് ചക്കുപള്ളം പഞ്ചായത്ത് നാലാം മൈല്‍ വലിയപാറ പ്രദേശത്ത് ഒരു ലക്ഷം രൂപയോളം മുടക്കി കലുങ്ക് നിര്‍മിച്ചത്. എന്നാല്‍ കലുങ്ക് കൂനിന്മേല്‍ കുരുപോലെ ഉപയോഗശൂന്യമായിത്തീര്‍ന്നിരിക്കുകയാണ്. പഞ്ചായത്തിന്റെ കഴിവുകേടായി മാത്രമേ ഇന്നും അന്യമായിരിക്കുന്ന ഈ നാടിന്റെ ഗതാഗത സൗകര്യങ്ങളെ കണക്കാക്കാന്‍ സാധിക്കു. സ്വാശ്രയ കോളേജുകള്‍ സൈ്വര്യ ഭരണം നടത്തുന്ന ഇവിടെ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്ന നിലവാരമുള്ള ഒരു കോളേജു പോലും ഇല്ല എന്നതാണ് സത്യം. വികസനം ചെറിയ കലുങ്കുകളിലും, ടാറിടാത്ത വീഥികളിലും മാത്രമായി ഒതുങ്ങുമ്പോള്‍ ഒരു തലമുറക്ക് നഷ്ടമാകുന്നത് സ്വന്തം നാടിന്റെ ഉയര്‍ച്ചയും അതുവഴിയുള്ള നേട്ടങ്ങളുമാണ്. മറ്റു ജില്ലകളിലെ കുട്ടികള്‍ അവരുടെ പുസ്തക ശാലകളെപ്പറ്റിപ്പറയുമ്പോള്‍ പുസ്തകങ്ങളെപ്പറ്റി വിവരണം നടത്താന്‍ മാത്രം അറിവു പകരുന്ന നിലവാരമുള്ള പുസ്തകശാലകള്‍ പോലും ഇവിടെ അന്യമാണ്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും സ്‌കാനിങ് സെന്ററുകളും കുമളിക്ക് ഇന്നും വിദൂരമാണ്.