
ന്യൂഡൽഹി: എന്താണ് പൗരത്വ ഭേദഗതി ബിൽ, 2019 എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്തുകൊണ്ടാണ് ഇത് വിവാദമാകുന്നത് ? എങ്ങനെയാണ് ഇത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുക.1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. എന്നാൽ, ബില്ലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല.
2014, ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുക. നേരത്തെ, 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ. പുതിയ ബില്ലിൽ അത് അഞ്ച് വർഷം വരെ എന്നാക്കി കുറച്ചു. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയിൽ ജനിച്ച വ്യക്തിക്കോ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളായവർക്കോ, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ കാലം ഇന്ത്യയിൽ ജീവിച്ച് വളർന്ന വ്യക്തിക്കോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരനാകാൻ കഴിയില്ല. ഇതാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്.
എന്താണ് ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി) ?
കേന്ദ്ര സർക്കാർ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരൻമാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയത്. എന്നാൽ, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റർ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 20ന് പറഞ്ഞിരുന്നു.
പൗരത്വ (ഭേദഗതി) ബില്ലും പൗരത്വ രജിസ്റ്ററും തമ്മിലുള്ള ബന്ധം എന്താണ് ?
ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. അർഹതയുള്ളവർ പോലും പട്ടികയിൽ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കൾ ആയിരുന്നു ഇങ്ങനെ പട്ടികയിൽ നിന്ന് പുറത്തു പോയത്.അതേസമയം, ബംഗാളിൽ ഇത് രാഷ്ട്രീയപരമായി ബി.ജെ.പിക്ക് വൻ തിരിച്ചടി ആയിരുന്നു. എന്നാൽ, പൗരത്വ (ഭേദഗതി) ബിൽ വരുമ്പോൾ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബി ജെ പി വ്യക്തമാക്കി.
പൗരത്വവും പൗരത്വം നൽകലും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് ?
പൗരത്വത്തിനുള്ള ആവശ്യകതകൾ സ്വാഭാവികവൽക്കരണത്തിലൂടെ ബിൽ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ ആറ് മതങ്ങളിൽ പെട്ടവർക്ക് ഇന്ത്യയിൽ താമസിക്കേണ്ട കാലാവധി ആറ് വർഷമായി ബിൽ കുറച്ചിട്ടുണ്ട്.
പൗരത്വനിയമം ലംഘിച്ചാൽ വിദേശിയരായ ഇന്ത്യൻ പൗരൻമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.ഇത് തികച്ചും മനുഷ്യത്വപരമാണെന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സർക്കാർ വാദിക്കുന്നുണ്ട്.എന്നാൽ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്‍റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാകിസ്താനിൽ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലീംഗളും വിവേചനം നേരിടുന്നുണ്ട്. ബർമയിൽ രോഹിംഗ്യൻ മുസ്ലീംഗങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്ന് കേന്ദ്രസർക്കാർ പറയുന്നു.