ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ വെട്ടിക്കൊന്ന പ്രതിയെ കണ്ട് സ്വാതിയുടെ പിതാവ് പൊട്ടിക്കരഞ്ഞു. എന്റെ മകളോട് എന്തിനിതു ചെയ്തുവെന്നാണ് അദ്ദേഹം കരഞ്ഞു കൊണ്ട് ചോദിച്ചത്. നീ എന്റെ മകളെ കൊന്നു. പ്രതിയായ റാംകുമാറിനോടാണ് അച്ഛന്‍ ചോദിച്ചത്.
ചെന്നൈയിലെ ജയിലിനകത്തു നടന്ന തിരിച്ചറിയല്‍ പരേഡിനിടെയാണ് സ്വാതിയുടെ അച്ഛന്‍ വികാരീധനായത്. സ്വാതിയുടെ അച്ഛനും റയില്‍വേ സ്റ്റേഷനിലെ പുസ്തക കച്ചവടക്കാരനായ ഒരാളും പ്രതിയെ തിരിച്ചറിഞ്ഞു. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ മജിസ്‌ട്രേറ്റ് ശങ്കറിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എഗ്‌മോറിലെ കോടതിയില്‍ സമര്‍പ്പിക്കും.
നുങ്കമ്പാക്കം സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി വെട്ടേറ്റു മരിച്ചത്. മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് പ്രതിയായ രാംകുമാര്‍ സ്വാതിയെ ആക്രമിച്ചത്. മുഖത്തും കഴുത്തിലും വെട്ടേറ്റ സ്വാതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. കൊല നടന്ന് ഒരാഴ്ചയ്ക്കു ശേഷം ചെങ്കോട്ടയില്‍നിന്നാണ് പ്രതി രാംകുമാര്‍ എന്ന യുവാവ് പിടിയിലായത്.
എന്‍ജിനീയറിങ് ബിരുദധാരിയായ രാംകുമാര്‍ മൂന്നു വര്‍ഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്.