തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ടി.പി.സെന്‍കുമാര്‍ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
പൊലീസ് നിയമപരമായ കാര്യങ്ങളായിരിക്കും നടപ്പാക്കുന്നതെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്റ ടിപി സെന്‍കുമാര്‍ പറഞ്ഞു . അധികാരമേറ്റതിനുശേഷം പൊലീസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന നിയമപ്രശ്‌നങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. ഈ നാടിനും സര്‍ക്കാരിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ് തന്റെ മുന്‍ഗണന. സ്ത്രീ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമായിരിക്കും പൊലീസ് പ്രാധാന്യം നല്‍കുന്നത്. വാഹനാപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിനുളള നീക്കങ്ങള്‍ നടത്തും.
ടെക്‌നോളജി കുറേയെറെ വികസിച്ചത് കൊണ്ടുതന്നെ സേനയും പരമാവധി അതുപയോഗിക്കണം. കഴിയുന്നിടത്തോളം സ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും പൊലീസ് അത് കൂടുതല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവി സര്‍ക്കാരിന് കീഴിലുളള ഉദ്യോഗസ്ഥന്‍ മാത്രമാണ്. മുഖ്യമന്ത്രിയെ ഉടന്‍ തന്നെ കാണും. അദ്ദേഹവുമായി സംസാരിച്ചിട്ടാണ് ചുമതലയേറ്റത്.
സര്‍ക്കാരും താനും നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പ്രശ്‌നവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പൊലീസിനല്ല ഉപദേഷ്ടാവെന്നും മുഖ്യമന്ത്രിക്കാണ് ഉപദേഷ്ടാവെന്നും അദ്ദേഹം പറഞ്ഞു. സേനയില്‍ മോസ്റ്റ് സീനിയര്‍ ഐപിഎസ് ഓഫിസര്‍ താനാണ്. അതിനാല്‍ എല്ലാവരെയും നന്നായി അറിയാം. അവരൊക്കെ എങ്ങനെ പെരുമാറുമെന്നും അറിയാം. മുഖ്യമന്ത്രി നാലു റേഞ്ച് യോഗങ്ങള്‍ വിളിച്ചെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസ് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്റയില്‍ നിന്നുമാണ് അദ്ദേഹം ബാറ്റണ്‍ സ്വീകരിച്ച് അധികാരമേറ്റെടുത്തത്. നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങിന് സാക്ഷിയാകാന്‍ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. തന്റെ വസതിയില്‍ നിന്നുമാണ് അദ്ദേഹം പൊലീസ് ആസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. അധികമായ സന്തോഷമില്ലെന്നും അമിതമായാല്‍ അമൃതും വിഷമാണെന്നുമാണ് അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം പ്രതികരിച്ചത്. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് യൂണിഫോം ഇടുന്നത്. നിയമനടപടി ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി.