
നോയിഡ: മലയാളിയായ കല്യാണ വില്ലത്തി അറസ്റ്റില്‍ . 11 പുരുഷന്‍മാരെ വിവാഹ തട്ടിപ്പിനിരയാക്കിയ മലയാളി യുവതി നോയിഡയിലെ സെക്ടര്‍ 120 ല്‍ പിടിയിലായി. മേഘ ഭാര്‍ഗവ് എന്ന യുവതിയെ ആണ് കേരള പൊലീസും നോയിഡ പൊലീസും സംയുക്തമായ നീക്കത്തിനൊടുവില്‍ പിടികൂടിയത്. വിവാഹം കഴിച്ച് വരന്റെ പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങുന്നതാണ് യുവതിയുടെ രീതി. ഇവര്‍ക്കൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
കൊച്ചി സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായിരുന്ന ലോറെന്‍ ജസ്റ്റിന്‍ ഒക്ടോബറില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹത്തിനുശേഷം ഇയാളുടെ 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരങ്ങളുമായി യുവതി മുങ്ങിയിരുന്നു. തുടര്‍ന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജസ്റ്റിന്‍ കേരളത്തില്‍ യുവതിയുടെ നാലാമത്തെ ഭര്‍ത്താവാണെന്നും നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ച് കടന്നിട്ടുണ്ടെന്നും കണ്ടെത്തി.
കേരളം, മുംബൈ, പൂണെ, രാജസ്ഥാന്‍, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു 11 പേരെ യുവതി വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നായി ലക്ഷക്കണക്കിന് രുപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു. വിവാഹ മോചിതരായ പുരുഷന്‍മാരെയും ഭിന്നശേഷിയുള്ളവരെയുമാണ് സ്ത്രീ ലക്ഷ്യമിട്ടിരുന്നത്. വിവാഹത്തിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി മയക്കിയശേഷം പണവും ആഭരണങ്ങളുമായി കടന്നുകളയുന്നതായിരുന്നു യുവതിയുടെ രീതി.