ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.”അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്”- കെ ആർ മീര

കൊച്ചി: സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്ന് എഴുത്തുകാരി കെ ആർ മീര. കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഉണ്ടായിരുന്നു. കൊച്ചി കമ്മീഷണർ ഓഫീസിന് മുമ്പിൽ വെച്ച് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായി. അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവർത്തകനായ ശ്രീനാഥ് പത്മനാഭൻ ബിന്ദുവിന്റെ മുഖത്തേയ്ക്ക് മുളകുലായനി ഒഴിക്കുകയും ചെയ്തിരുന്നു.


ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെആർ മീരയുടെ പ്രതികരണം.അതിക്രമം അതിക്രമമല്ലെന്നും അനിവാര്യതയാണെന്നും അവർ വാദിച്ചുകൊണ്ടേയിരിക്കും. ബിന്ദു അമ്മിണി മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിന് വേണ്ടിയാണെന്നും താൻ ബിന്ദു അമ്മിണിക്കൊപ്പമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ ആർ മീര പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്നേഹവുമാണ്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല. അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും. ഈ സംഘബോധവും വര്‍ഗ്ഗസ്നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും. നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.

Top