ശബരിമല: ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് എസ് പി യതീഷ് ചന്ദ്ര മലയിറങ്ങുന്നു. യതീഷ് ചന്ദ്രയ്ക്ക് പകരം എസ് പി മഞ്ജുനാഥിനാണ് നിലയ്ക്കലിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശന വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സംഘര്‍ഷത്തിന്റെ സാധ്യത മുന്നില്‍ക്കണ്ട് വലിയ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.
മണ്ഡലകാലം തുടങ്ങുന്ന ആദ്യ പതിനഞ്ചു ദിവസം നിലയ്ക്കലിലെ ക്രമസമാധാന ചുമതല യതീഷ് ചന്ദ്രയ്ക്കാണ് നല്‍കിയിരുന്നത്. ഈ സമയത്ത് സംഘപരിവാറിന്റെയും ബിജെപിയുടെയും ശത്രുവായി അദ്ദേഹം മാറി. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തത്, രണ്ടാമത് കുട്ടികളുമായി ദര്‍ശനം നടത്താനെത്തിയ അവരെ നിലയ്ക്കലില്‍ തടഞ്ഞത്, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അദ്ദേഹം പെരുമാറിയത് അതെല്ലാം നേരത്തെ സംഘപരിവാറിന്റെ കണ്ണിലുണ്ണിയായ യതീഷ് ചന്ദ്രയെ അവരുടെ കണ്ണിലെ കരടാക്കി മാറ്റി.
ഡ്യൂട്ടി കാലാവധി പൂര്‍ത്തിയാക്കി തിരികെ തൃശ്ശൂരിലേക്ക് പോകാനാണ് യതീഷ് ചന്ദ്ര തയ്യാറെടുക്കുന്നത്. എന്നാല്‍ യതീഷ് ചന്ദ്ര തിരിച്ചുവരേണ്ടെതില്ലെന്നും തൃശ്ശൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ബിജെപി പറയുന്നു. യതീഷ് ചന്ദ്രയെ എന്തിനാണ് തൃശൂരില്‍ വച്ചുകൊണ്ടിരിക്കുന്നത്, ആപ്പിള്‍ പോലെ ഇരിക്കുന്ന യതീഷ് ചന്ദ്രയ്ക്ക് കറുത്തവനായ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് വെറുപ്പാണെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. യതീഷ് ചന്ദ്രയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എസ്പിക്കെതിരെ കേന്ദ്രമന്ത്രി ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം വരട്ടെ അപ്പോള്‍ പ്രതികരിക്കാമെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്.