ബാഗ്ദാദ്: ഫൗസിയ അമീന്‍ സിദോ എന്ന യസീദി പെണ്‍കുട്ടിയുടെ നടുക്കുന്ന കഥകേട്ട് തരിച്ചിരിക്കുകയാണ് ലോകം. ഒമ്പതാം വയസില്‍ ഐസ് ഭീകരര്‍ തട്ടികൊണ്ട് പോയി ക്രൂരമായ ലൈംഗിക അടിമത്തത്തിനും ശാരീരിക പീഡനങ്ങള്‍ക്കും ഇരയായി പത്തു വര്‍ഷം നരകയാതന അനുഭവിച്ച ഫൗസിയ ‘ഡെയ്‌ലി മെയിലിന്’ നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതം തകര്‍ത്ത ആ കറുത്ത നാളുകളെക്കുറിച്ച് വെളിപ്പെടുത്തിയത്.
2014 ഓഗസ്റ്റ് 3-നായിരുന്നു ഫൗസിയയുടെ ജീവിതം ഇരുളടഞ്ഞതാക്കി മാറ്റിയ ആ സംഭവം നടക്കുന്നത്. വടക്കന്‍ ഇറാഖിലെ സിന്‍ജാറിലുള്ള (ഷിംഗാല്‍) വീട്ടില്‍ വേനല്‍ച്ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബത്തോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഒന്‍പത് വയസ്സുകാരിയായ ഫൗസിയ. അര്‍ദ്ധരാത്രിയില്‍ പെട്ടെന്നാണ് ഐസിസ് ഭീകരര്‍ പ്രദേശം ആക്രമിച്ചത്. ‘വെടിയൊച്ച കേട്ട് കുടുംബാംഗങ്ങളെല്ലാം താഴത്തെ നിലയിലേക്ക് ഓടിയിറങ്ങി. എന്നാല്‍ പരിഭ്രാന്തിക്കിടയില്‍ ഞാന്‍ ഏകദേശം രണ്ട് മണിക്കൂറോളം മുകളില്‍ ഒറ്റപ്പെട്ടുപോയി.
എനിക്ക് ചുറ്റും വെടിയുണ്ടകള്‍ പാഞ്ഞുപോകുന്നുണ്ടായിരുന്നു. ആ മണിക്കൂറുകള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുമാറ് കടുത്ത ഭയമാണ് എനിക്ക് അനുഭവപ്പെട്ടത്,’ ഫൗസിയ ഓര്‍ക്കുന്നു. അന്ന് രാത്രി ഭീകരര്‍ തട്ടിക്കൊണ്ടുപോയ 6,417 യസീദി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തില്‍ ഫൗസിയയും കുടുംബവുമുണ്ടായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫൗസിയയെ സിറിയ, സൗദി അറേബ്യ, ഗാസ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വ്യത്യസ്ത പുരുഷന്മാര്‍ക്ക് വില്‍ക്കുകയും, അവര്‍ ഓരോരുത്തരും അവളെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
‘അവരെ സംബന്ധിച്ചിടത്തോളം വികാരങ്ങളോ സ്വപ്നങ്ങളോ ഉള്ള ഒരു മനുഷ്യജീവിയായിരുന്നില്ല ഞാന്‍. അവര്‍ എന്നെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഷോക്കടിപ്പിച്ചായിരുന്നു പലപ്പോഴും പീഡനം.’ ഫൗസിയ പറയുന്നു. അവസാനമായി അവളെ വാങ്ങിയത് അബു അമര്‍ അല്‍-മക്ദിസി എന്ന 24 വയസ്സുകാരനായ ഫലസ്തീനിയായിരുന്നു. അയാള്‍ അവളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുന്നതിനായി ശരീരഭാഗങ്ങള്‍ തളര്‍ത്തുന്ന ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നു.
ഈ നരകയാതനകള്‍ക്കിടയില്‍ ഫൗസിയയ്ക്ക് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. അയാള്‍ രണ്ടാമതൊരു വിവാഹം കഴിച്ചതോടെ പീഡനങ്ങളുടെ ക്രൂരത വീണ്ടും വര്‍ദ്ധിച്ചു. ‘ഈ ലോകത്ത് ഒരു സ്ത്രീക്ക് സംഭവിക്കാവുന്നതില്‍ വച്ച് ഏറ്റവും മോശമായ കാര്യങ്ങളാണ് എനിക്ക് സംഭവിച്ചത്,’ അവര്‍ പറഞ്ഞു. ‘എനിക്ക് എഴുന്നേറ്റു നിന്നുകൊണ്ട് വരെ ഉറങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്, അത് ഇന്നും എന്നെ വേട്ടയാടുന്നു.’
2018-ല്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ഐസിസിനെ പരാജയപ്പെടുത്തിയതോടെ മക്ദിസി കൊല്ലപ്പെടുകയും ഫൗസിയയും കുട്ടികളും അല്‍-ഹോള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെനിന്നും ഭീകരര്‍ അവരെ തുരങ്കം വഴി തുര്‍ക്കിയിലേക്കും പിന്നീട് വ്യാജ പാസ്‌പോര്‍ട്ട് നല്‍കി ഗാസയിലേക്കും കടത്തുകയായിരുന്നു. ഗാസയില്‍ എത്തിയ ഫൗസിയയെ മക്ദിസിയുടെ ബന്ധുക്കള്‍ ഒരു അടിമയായ ഒരു വീട്ടുജോലിക്കാരിയോടെന്ന പോലെയാണ് പെരുമാറിയത്. ജനലുകളില്ലാത്ത മുറിയില്‍ മാസങ്ങളോളം തടവിലിട്ടു.
2023 ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം, ഒരു അടിമയെപ്പോലെ ജോലി ചെയ്യാന്‍ തന്നെ ഗാസയിലെ പ്രധാന ആശുപത്രിയിലേക്ക് അയച്ചതായി ഫൗസിയ പറഞ്ഞു. ‘ആശുപത്രികളെല്ലാം ഹമാസിന്റെ താവളങ്ങളായാണ് ഉപയോഗിച്ചിരുന്നത്. അവയിലെല്ലാം ആയുധങ്ങള്‍ ഉണ്ടായിരുന്നു,’ ഫൗസിയ വെളിപ്പെടുത്തുന്നു. ഇതിനിടയില്‍ ഫൗസിയ പലവട്ടം ആത്മഹത്യക്കും ശ്രമിച്ചു.
ഒടുവില്‍, വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ എങ്ങനെയോ ഒരു ഫോണ്‍ കൈക്കലാക്കാന്‍ അവര്‍ക്ക് സാധിച്ചു. തുടര്‍ന്ന് തന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട് അവര്‍ രഹസ്യമായി ഒരു ടിക്ടോക് വീഡിയോ റെക്കോര്‍ഡ് ചെയ്തു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ ആളുകള്‍ ഇത് വിശ്വസിച്ചു. തുടര്‍ന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗവും യു.എസ് അധികൃതരും സംയുക്തമായി നടത്തിയ അതിസാഹസികമായ സൈനിക നീക്കത്തിലൂടെയാണ് ഫൗസിയയെ ഗാസയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
മൊസൂളില്‍ തിരിച്ചെത്തിയ ഫൗസിയ തന്റെ അമ്മയെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ച് കരഞ്ഞു. എന്നാല്‍, ഈ മടങ്ങിവരവ് കാണാന്‍ അവളുടെ പിതാവ് ഉണ്ടായിരുന്നില്ല. മകളുമായുള്ള വേര്‍പാടിന്റെ വേദന താങ്ങാനാവാതെ മോചനത്തിന് രണ്ട് മാസം മുമ്പ് അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഫൗസിയയുടെ സ ഹോദരനും അമ്മയ്ക്കൊപ്പമാണ്. നിലവില്‍ ജര്‍മ്മനിയില്‍ പ്രത്യേക സംരക്ഷണത്തില്‍ കഴിയുകയാണ് ഫൗസിയ. ജര്‍മ്മനിയില്‍ വെച്ച് തന്റെ കുടുംബവുമായി ഒന്നിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഇവര്‍ .


