ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ ഇരുന്നത് വെറും 55 മണിക്കൂര്‍ മാത്രമാണ്. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യെദ്യൂരപ്പ രാജിക്ക് തയാറായത്. ഇത് മൂന്നാംതവണയാണ് കാലാവധി തികയാതെ യെദ്യൂരപ്പ രാജിവെക്കുന്നത്.
വികാരാധീനനായാണ് നിയമസഭയില്‍ യെദ്യൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതുകൊണ്ടാണ് ഗവര്‍ണര്‍ ഞങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസ്സും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ പറഞ്ഞു.
അതേസമയം, യെദ്യൂരപ്പയുടെ രാജിയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം വിധാന്‍ സൌധയില്‍ ആഹ്ലാദപ്രകടനം നടത്തി. ഓപ്പറേഷന്‍ ലോട്ടസ് പരാജയപ്പെട്ടെന്നും ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് മമത ബാനര്‍ജി പറഞ്ഞു.
മേയ് 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു പാർട്ടിക്കും സർക്കാരുണ്ടാക്കാൻ വേണ്ട കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. 104 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 78 സീറ്റുള്ള കോൺഗ്രസ് ഭരണത്തുടർച്ചയ്ക്കായി അതിവേഗം കരുക്കൾ നീക്കി. 37 സീറ്റുള്ള ജെഡിഎസുമായി കൈകോർത്തു. ഇതിനൊപ്പം ബിഎസ്പി സ്വതന്ത്രൻ, ഒരു കോൺഗ്രസ് സ്വതന്ത്രൻ എന്നിവരും ചേർന്നു– ആകെ 117. സർക്കാരുണ്ടാക്കാൻ കോൺഗ്രസ്–ജെഡിഎസ് സഖ്യവും ബിജെപിയും അവകാശമുന്നയിച്ചു ഗവർണറെ കണ്ടു.
ജനപ്രതിനിധികളെ കളംമാറ്റിക്കുന്നതിനും കുതിരക്കച്ചവടത്തിനു കളമൊരുങ്ങി. മൂന്നു പാർട്ടികളും എംഎൽഎമാരെ റിസോർട്ടുകളിലേക്കു മാറ്റി. ഏറെ അഭ്യൂഹങ്ങൾക്കും നിയമോപദേശങ്ങൾക്കും ശേഷം രാത്രിയോടെ ഗവർണർ വാജുഭായ് വാലയുടെ ഔദ്യോഗിക അറിയിപ്പ് എത്തി– ബി.എസ്.യെഡിയൂരപ്പയ്ക്കു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. 15 ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. രാത്രിക്കുരാത്രി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. പരമോന്നത കോടതിയിൽ മൂന്നംഗബെഞ്ചിന്റെ അസാധാരണ വാദംകേൾക്കൽ പുലർച്ചെ അഞ്ചര വരെ നീണ്ടു. യെഡിയൂരപ്പയ്ക്കു സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തടസ്സമില്ലെന്നു കോടതി വ്യക്തമാക്കി.
മേയ് 17ന് രാവിലെ ഏകാംഗ മന്ത്രിസഭ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവോട്ടിന് 15 ദിവസമെന്ന ഗവർണറുടെ നടപടി 48 മണിക്കൂറിൽ താഴെയാക്കി സുപ്രീംകോടതി നിശ്ചയിച്ചതു ബിജെപിക്കു തിരിച്ചടിയായി. അവസാനവട്ട നീക്കങ്ങളിലും ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ വന്നതോടെ, രാജിവച്ച് നാണക്കേട് ഒഴിവാക്കണമെന്നു കേന്ദ്ര നേതൃത്വം യെഡിയൂരപ്പയ്ക്ക് നിർദേശം നൽകി. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു യെഡിയൂരപ്പയും മറ്റ് അംഗങ്ങളും നിയമസഭയിലെത്തി. പ്രമേയാവതരണത്തിനു മുന്നോടിയായി വികാരധീനനായി യെഡിയൂരപ്പയുടെ പ്രസംഗം. ഒടുവിൽ വോട്ടെടുപ്പിനു നിൽക്കാതെ നാടകീയമായി രാജിപ്രഖ്യാപനം. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകത്തിന് താൽക്കാലിക തിരശീല. ഇനി പന്ത് കോൺഗ്രസിന്റെയും ജെഡിഎസിന്റെയും കളത്തിൽ.
ആദ്യമായല്ല യെഡിയൂരപ്പയുടെ ഇങ്ങനെ രാജിവയ്ക്കുന്നത്. കർണാടകയിൽ ആദ്യ ബിജെപി സർക്കാരിനു ലഭിച്ചത് ഏഴു ദിവസത്തെ ആയുസ്സ് മാത്രമാണ്. നാലു മന്ത്രിമാരോടൊപ്പം 2007 നവംബർ 12ന് ആണു യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്. നാടകീയ സംഭവങ്ങൾക്കൊടുവിൽ നവംബർ 19നു വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ അദ്ദേഹം രാജിവച്ചു.