തിരുവനന്തപുരം: യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യോഗയെ കുറച്ച് ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും യോഗയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പരിശീലന രീതികള്‍ക്കൊന്നും മതവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ‘സമ്പൂര്‍ണ്ണ യോഗ കേരളം’ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
യോഗയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇടപഴഞ്ഞി ആര്‍.ഡി.ആര്‍ ആഡിറ്റോറിയത്തില്‍ ബി.ജെ.പി നേതാവ് രാം മാധവ് യോഗാഭ്യാസം നയിച്ചു. ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലാണ് പാലക്കാട് നടന്ന യോഗാഭ്യാസത്തിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് പലയിടങ്ങളിലായി മന്ത്രിമാരും മറ്റ് പ്രമുഖരും യോഗാഭ്യാസത്തില്‍ പങ്കെടുത്തു.
അതേസമയം റാഞ്ചിയിലെ യോഗാ അഭ്യാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നല്‍കിയത്. എല്ലാവര്‍ക്കും യോഗ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, യോഗ ഗ്രാമങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ദരിദ്രരുടേയും ആദിവാസികളുടേയും ജീവിതത്തിന്റെ ഭാഗമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. 30,000 പേരാണ് റാഞ്ചിയിലെ യോഗാഭ്യാസ ചടങ്ങില്‍ പങ്കെടുത്തത്.രാജ്യത്തിന്റെ പല ഭാഗങ്ങളിലായി യോഗ ദിനത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.