ഭീകരതയോടെ നി കര തൊട്ടു, മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത!!11 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

കൊച്ചി:ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. വരുന്ന ഒരു മണിക്കൂറിനുള്ളില്‍ ഫോനി പൂര്‍ണമായും കരയിലെത്തും. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. കരയിലെത്തുന്നതോടെ ഫോനിയുടെ തീവ്രത കുറയും.ഇന്ന് പുലര്‍ച്ചെയാണ് 175 കിലോമീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ഫോനിയുടെ ശക്തിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നുറുകണക്കിന് മരങ്ങള്‍ എടുത്തെറിയപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

പുരിയിലും തുടര്‍ന്ന് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്തോറും കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം കൈവരിച്ചേക്കുമെന്നാണ് പ്രവചനം. ഫോനിക്ക് അകമ്പടിയായി എത്തിയ കനത്ത മഴയില്‍ തീര്‍ത്ഥാടന കേന്ദ്രമായ പുരിയും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

പുലര്‍ച്ചെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് ഒറീസ തീരത്തെത്തിയിത്. 28 കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാറ്റ്. ആറ് മണിക്കൂര്‍ വരെ ചുഴലി ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.ഫോനിയില്‍ നിന്ന് രക്ഷ തേടി ഒഡിഷയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 11.5 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിനോടകം മൂന്നര ലക്ഷം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി) സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.

പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്നലെ അറിയിച്ചിരുന്നു.

ഒഡീഷയിലെ ഒമ്പത് ജില്ലകള്‍ക്ക് പുറമെ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്ത് ട്രെയിനുകള്‍ കൂടി റദ്ദാക്കിയതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു. മുന്‍പ് റദ്ദാക്കിയ 147 ട്രെയിനുകള്‍ക്ക് പുറമെയാണിത്. മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top