ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ സമരം നടക്കുമ്പോൾ തന്നെ നിയമം നടപ്പിൽ വരുത്താനുള്ള നീക്കങ്ങൾ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തുടങ്ങി. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 20ലധികം പ്രക്ഷോഭകര്‍ പോലീസ് വെടിയേറ്റ് മരിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനിടെ തന്നെയാണ് പൗരത്വ നിയമം നടപ്പാക്കാനുള്ള നടപടികള്‍ക്കും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതക്കാര്‍ക്കാണ് പുതിയ നിയമ പ്രകാരം പൗരത്വം ലഭിക്കുക. ഈ മതക്കാരുടെ കണക്കുകള്‍ യുപി സര്‍ക്കാര്‍ ശേഖരിച്ചുതുടങ്ങി. ജില്ലാ ഭരണകൂടങ്ങളാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, ഈ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളെ കണ്ടെത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരെ കണ്ടെത്തി നാടുകടത്താനുള്ള നീക്കങ്ങളും ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാംപൂര്‍, ലഖ്‌നൗ, ഷാജഹാന്‍പൂര്‍, ഗാസിയാബാദ് എന്നീ ജില്ലകളിലാണ് കുടിയേറ്റക്കാര്‍ കൂടുതലുള്ളത്. പ്രക്ഷോഭകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പോലീസ് മുസ്ലിംവീടുകളില്‍ കയറി അക്രമം നടത്തിയതിന്റെ വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സമരക്കാരില്‍ നിന്ന് കണ്ടെത്താന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 100ലധികം സമരക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കികഴിഞ്ഞു.