സംവിധായകന്‍ ഹരിഹരന്‍ മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പിറന്ന ഒരു ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. എന്നാല്‍, ഈ കഥ മമ്മൂട്ടിക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല. കഥ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ വടക്കന്‍ പാട്ട് ചിത്രങ്ങളുടെ കാലം അവസാനിച്ചെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തിരക്കഥയില്‍ മാറ്റം വരുത്താന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു.
എന്നാല്‍, ഹരിഹരന്‍ അതിനു തയ്യാറായില്ല. ഇതാണ് ഞങ്ങളുടെ സിനിമ. മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അഭിനയിക്കേണ്ട. ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളാം. ഹരിഹരന്റെ ദൃഢനിശ്ചയത്തോടു കൂടിയ മറുപടി കേട്ടപ്പോള്‍ മമ്മൂട്ടി ഒന്ന് ഞെട്ടി. പക്ഷേ ഹരിഹരന്റെ ആത്മവിശ്വസം കണ്ട മമ്മൂട്ടി ചന്തുവിനെ അവതരിപ്പിയ്ക്കാന്‍ തയ്യാറായി.
അങ്ങനെ മമ്മൂട്ടി വടക്കന്‍ വീരഗാഥയിലെ നായകനായി. അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രത്തേയും അദ്ദേഹത്തിന് കിട്ടി. ബോബന്‍ കുഞ്ചാക്കോയാണ് ഹരിഹരന്റെ മനസ്സില്‍ വടക്കന്‍ വീരഗാഥയിലെ ചതിക്കപ്പെട്ട ചന്തുവിന്റെ കഥ സിനിമയാക്കാം എന്ന ആശയം നിറച്ചത്. പഴയ രീതി ഇനി നടക്കില്ല. പുതിയ ഭാവത്തിലും രൂപത്തിലും ഒരുക്കണം എന്ന് ഹരിഹരന്‍ ബോബന്‍ കുഞ്ചാക്കോയോട് പറഞ്ഞു. ഇത്പ്രകാരം ഹരിഹരന്‍ തിരക്കഥ എഴുതാന്‍ വേണ്ടി എംടിയെ ചെന്നു കണ്ടു. എംടിയ്ക്കും ഹരിഹരന്റെ ആശയം ഇഷ്ടമായി. 15 ദിവസം കൊണ്ട് എംടി തിരക്കഥ പൂര്‍ത്തിയാക്കി.