കണ്ണൂര്‍:കണ്ണൂരില്‍ ക്രിസ്മസ് തലേന്ന് യുവതിക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയ ആക്രമിയെ പോലീസ് അറസ്റ്റു ചെയ്തു.വഴിവിട്ട ബന്ധത്തിന് വഴങ്ങാത്ത യുവതിയേയും ഏഴുവയസ്സുള്ള മകനേയും ആസിഡ് ഒഴിച്ച് ആക്രമം നടത്തിയ മധ്യവയസ്‌കനായ പിലാത്തറ സി.എം. നഗറിലെ താമസക്കാരനായ പുളിങ്ങോം സ്വദേശി ജയിംസ് ആന്റണിയാണു അറസ്റ്റിലായത്.
ക്രിസ്തുമസ്സ് തലേന്ന് എമ്പേറ്റ് സെന്റ് സേവ്യേഴ്‌സ് പള്ളിക്ക് സമീപത്തെ 29 കാരിക്കും ഏഴുവയസുകാരന്‍ മകനും നേര്‍ക്കാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ക്രിസ്തുമസ്സ് തലേന്ന് പള്ളിയില്‍ തിരുപ്പിറവി ആഘോഷിക്കാന്‍ പോവുകയായിരുന്ന യുവതിയേയും മകനേയും സാന്താക്ലോസ് വേഷമണിഞ്ഞ് പതിയിരുന്നാണ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മകനും മംഗളൂരുവില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ടാക്‌സിഡ്രൈവറും സെക്യൂരിറ്റി ഏജന്‍സി നടത്തിപ്പുകാരനുമാണ് ജയിംസ് ആന്റണി. രണ്ടു മക്കളുടെ പിതാവായ ഇയാള്‍ ഭാര്യയുമായി അകന്ന് താമസിച്ചു വരികയാണ്. യുവതിയെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയാണ് ജയിംസ്. കാണുമ്പോഴെല്ലാം വഴിവിട്ട ബന്ധത്തിന് യുവതിയെ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ട്്. യുവതി ഇതിന് വിസമ്മതിച്ച വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്.ജയിംസ് യുവതിയെ ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് നാട്ടുകാര്‍ മുമ്പുതന്നെ പൊലീസിന് സൂചന നല്‍കിയിരുന്നു. സംഭവദിവസം ഒരാള്‍ രാത്രി ഓട്ടോറിക്ഷയില്‍ യുവതിയുടെ വീടിന് സമീപം ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
പരിയാരം മെഡിക്കല്‍ കോളേജ്, പിലാത്തറ, തളിപ്പറമ്പ്, എന്നീ സ്ഥലങ്ങളിലെ ഓട്ടോഡ്രൈവര്‍മാരില്‍ നിന്നും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. തളിപ്പറമ്പില്‍ നിന്നും ഓട്ടോ വിളിച്ചയാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ടു കയ്യിലും ഓരോ സഞ്ചിയുണ്ടായിരുന്ന ഒരാളെക്കുറിച്ചും അയാളുടെ രൂപത്തെക്കുറിച്ചും ഡ്രൈവര്‍ നല്കിയ മൊഴി പ്രകാരമാണ് ജയിംസിനെ കസ്റ്റഡിയിലെടുത്തത്. ഒരു കയ്യില്‍ ആസിഡും മറ്റേ കയ്യില്‍ സാന്താക്ലോസിന്റെ വേഷവുമായിരുന്നു.
ക്രിസ്തുമസ്സ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് വഴിയില്‍ പതുങ്ങിയിരുന്നാണ് ജയിംസ് ആന്റണി കൃത്യം നിര്‍വ്വഹിച്ചത്. യുവതിയുടെയും മകന്റേയും നിലവിളികേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടി മറഞ്ഞിരുന്നു.