ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത്. ‘മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്‌നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’
‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നാണ് മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്. റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിക്കാന്‍ കാരണം. പ്രസംഗത്തിലുടനീളം ബോഫേഴ്സിനെക്കുറിച്ച് സംസാരിച്ച മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞു.
ബൊഫോഴ്‌സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസ് കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. റാഫേലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അധിക്ഷേപം ചൊരിഞ്ഞ് ഓടിയൊളിക്കാനാണ് മോദിയുടെ ശ്രമമെന്നാണ് വിമര്‍ശനം.
ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. എന്നാല്‍ സ്വന്തം അഴിമതിക്കറ അച്ഛന്റെ പേരില്‍ ചാര്‍ത്തിയുള്ള മോദിയുടെ രക്ഷപ്പെടല്‍ ഫലം കാണില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.