പാലാരിവട്ടം പാലം അടക്കമുള്ള അഴിമതികളക്കുറിച്ച് വെളിപ്പെടുത്തലുമായി കെബി ഗണേഷ് കുമാര്‍..!! തന്റെ പുറത്താകലിന് കാരണം വിശദീകരിച്ച് എംഎല്‍എ

കൊല്ലം: അഴിമതിയില്‍ മുങ്ങിയതിനാല്‍ തകര്‍ച്ച നേരിടുന്ന പാലാരിവട്ടം പാലത്തിന്റെ പണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്ത്. പാലം പണിയിലെ അടക്കമുള്ള അഴിമതികള്‍ തുറന്ന് പറഞ്ഞതിനാലാണ് തന്നെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതെന്നാണ് ഗണേഷിന്റെ തുറന്ന് പറച്ചില്‍.

കൊച്ചിയിലെ ദേശീയപാത ബൈപാസിലുള്ള പാലാരിവട്ടത്തെ മേല്‍പാലം നിര്‍മാണത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു .പൊതുമരാമത്ത് മന്ത്രി മുസ്ലിം ലീഗിന്റെ ഇബ്രാഹിം കുഞ്ഞും. ദേശീയ പാത അതോറിറ്റി നിര്‍മിക്കേണ്ട പാലം അന്നത്തെ സംസ്ഥാനസര്‍ക്കാര്‍ അങ്ങോട്ട് പോയി സ്വന്തം നിലയ്ക്ക് നിര്‍മിച്ചോളാമെന്നും ഒക്കെ നമ്മളേറ്റു എന്നും പറഞ്ഞാണ് പണി തുടങ്ങിയത്.

അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതി നല്‍കിയതിന്റെ പേരില്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നു. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണം. പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Top