ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തെ ആദ്യ ‘പാസ്‌പോര്‍ട്ട് രഹിത’ വിമാനത്താവളമെന്ന ഖ്യാതി ഇതോടെ ദുബായ് വിമാനത്താവളം സ്വന്തമാക്കി.
‘എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ്’ എന്ന പുതിയസംരംഭം യാത്രയുടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ യാത്രികരെ സഹായിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലിലാണ് പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം ഇനി ഇഗെയ്റ്റില്‍ എമിറേറ്റ് സ്മാര്‍ട് വാലെറ്റ് ആപ്പ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ കാണിച്ചാല്‍ യാത്രാനുമതി ലഭിക്കും.
യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു നടപ്പിലാക്കുന്ന സ്മാര്‍ട്ട് പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദുബായ് വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാകും. വിമാനത്താവളത്തിലൂടെ പോകുന്ന ഒരു യാത്രക്കാരന് 12 സെക്കന്‍ഡോളം ലാഭിക്കാന്‍ കഴിയും.
ദുബായ്‌യുടെ പൊതുസുരക്ഷാ, പൊലീസ് ഉപമേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമും ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ചേര്‍ന്നാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്