തിരുവനന്തപുരം: കേരളത്തിലെ പോലീസ് എത്ര ജനകീയമാണെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും വാചകമടിച്ചാലും കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളാണെന്നത് പകല്‍പോലെ സത്യമാണ്. പൊതു പ്രവര്‍ത്തകര്‍ക്ക് പോലും കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ രക്ഷയില്ലാത്ത വിധം പോലീസ് ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടുന്നു, ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് നേമം എസ് ഐ സമ്പത്തിന്റെ ഗുണ്ടായിസം. നാട്ടിലെ അറിയപ്പെടുന്ന ജനകീയനായ രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ഒരു കാരണവുമില്ലാത്തെ ക്രൂരമായി മര്‍ദ്ദിച്ചത്. ജനനേന്ദ്രീയ തകര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഈ യുവാവ്.
യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യൂത്ത് യൂത്ത് കോണ്‍ഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റ് സജീറിനെയാണ് എസ് ഐ സമ്പത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. നേരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരിക്കെ നിരവധി കേസുകളില്‍ പ്രതിയാവുകയും പിന്നിട് എസ് ഐആവുകയും ചെയ്ത സമ്പത് നേരത്തെ പാര്‍ട്ടി ഗുണ്ട എന്ന തരത്തിലാണ് അറിയപ്പെട്ടിരുന്നത്.
പോലീസില്‍ നിയമനം ലഭിച്ചതിനുശേഷമുള്ള ആദ്യസ്റ്റേഷനാണ് നേമം, ഇയാളെ ഇവിടെ ചുമതല കൊടുക്കുന്നതിനെതിരെ നേരത്തെ സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേമത്തെത്തിയതിനുശേഷം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമ്പത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അറിയപ്പെട്ടുന്ന പാര്‍ട്ടിക്കാരന്‍ കൂടിയായ സമ്പത്തിന് സ്റ്റേഷന്‍ ചുമതല കൊടുക്കുന്നതിനെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും എതിര്‍ത്തിരുന്നു.
മര്‍ദ്ദനമേറ്റ് അവശനായ സജീറിനെ ആശുപത്രിയിലെത്തിക്കാന്‍ മനഃപൂര്‍വ്വം പൊലീസ് വൈകിപ്പിക്കുകയും ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഒടുവില്‍ കോവളം എംഎല്‍എ എം വിന്‍സെന്റ് ഇടപെട്ടാണ് സജീറിന് ചികിത്സയൊരുക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തത്.
നേമം ഭാഗത്തെ ജനകീയനും പൊതു പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരനാണ് സജീര്‍. പ്രദേശത്തെ രണ്ട് യുവാക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങളും വാക്കേറ്റവും ഉണ്ടാവുകയും ചെറിയ രീതിയിലുള്ള സംഘര്‍ഷം പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഈ കേസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു യുവാവ് സജീറിനെ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് തന്റെയൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് സജീര്‍ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ സ്ഥലത്തില്ലെന്നും കാത്തിരിക്കാനുമായിരുന്നു പൊലീസുകാരുടെ നിര്‍ദ്ദേശം.
പിന്നീട് എസ്ഐ സമ്പത്ത് സ്റ്റേഷനിലെത്തിയ ശേഷം ഇവരെ അകത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. സജീറിനൊപ്പമാണ് യുവാവിനേയും അകത്തേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതിനിടയില്‍ എസ്ഐ യുവാവിന്റെ കരണത്ത് അടിക്കുകയായിരുന്നു. പൊതു പ്രവര്‍ത്തകനായിട്ടാണ് ഇവിടേക്ക് വന്നതെന്നും കേസിന്റെ സ്ഥിതിഗതികള്‍ അറിയാന്‍ വന്നപ്പോള്‍ മുന്നില്‍ വെച്ച് ഒരാളെ ഉപദ്രവിക്കുന്നത് നമ്മളെയൊക്കെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞയുടനെ എസ്ഐ സജീറിനെ നേരെ തിരിയുകയായിരുന്നു.
നീ ആരെടാ മര്യാദ പഠിപ്പിക്കാന്‍ എന്ന് ആക്രോശിച്ച് കൊണ്ട് പാറാവിനു നിന്ന പൊലീസുകാരന്റെ കയ്യിലെ തോക്ക് ഉപയോഗിച്ച് അരമണിക്കൂറോളം എസ്ഐയും മറ്റ് പൊലീസുകാരും മര്‍ദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തോക്കിന്റെ പാത്തി ഉപയോഗിച്ച് സജീറിന്റെ പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കുകയും ചെയ്തു. ജനനേന്ദ്രീയം തകര്‍ക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന യുവാവ് ബന്ധുക്കളേയും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വിവരമറിയിച്ചത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റും സ്റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും സജീറിനെ സ്റ്റേഷനില്‍ നിന്നും മാറ്റിയിരുന്നു.
സജീറിനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. എന്നാല്‍ റിമാന്‍ഡ് ചെയ്യാനായി കൊണ്ട് പോയെന്നാണ് പൊലീസ് നല്‍കിയ വിവരം. പിന്നീട് കോവളം എംഎല്‍എ വിന്‍സെന്റ് ഇടപെട്ടാണ് സജീറിനെ തിരുവല്ലം സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ എത്തിയ ബന്ധുക്കളും മറ്റും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സജീറിനെ ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട പോയെങ്കിലും പരിക്ക് ഗുരുതരമാണെന്നും ഇവിടെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴും ചികത്സ നല്‍കി വിട്ടയക്കാനായിരുന്നു പൊലീസുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് പറ്റില്ലെന്നും അടിവയറ്റില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും പറയുകയായിരുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ സജീറിന്റെ ജീവന്‍ ആപത്തിലാകുമെന്നും ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ഇന്നലെ രാത്രി തന്നെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് ഇന്ന് പുലര്‍ച്ചയോടെയണ് സജീറിനെ വാര്‍ഡിലേക്ക് മാറ്റിയത്.


