പ്രതിഷേധം തെരുവിലേക്കും.. ഒറ്റുകാരായ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കോലം കത്തിച്ചു

കൊച്ചി:കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്കും. പലയിടത്തും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെയും കോലം കത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രതിഷേധമാണ് ഇപ്പോള്‍ തെരുവിലേക്കും നീണ്ടിരിക്കുന്നത്.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റുകാരാണെന്നും തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

പി.ജെ.കുര്യന്‍ വിരമിക്കുന്നതോടെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിലൂടെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വി.എം സുധീരന്‍, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും വി.ടി ബല്‍റാം ഷാഫി പറമ്പില്‍, അനില്‍ അക്കരെ, ഹൈബി ഈഡന്‍ തുടങ്ങി നിരവധി യുവനേതാക്കളുമാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറ്റ് യു.ഡി.എഫ് ഘടകകക്ഷി പോലും അല്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സാധാരണ പ്രവര്‍ത്തകരുടെ വികാരത്ത വ്രണപ്പെടുത്തുന്നതാണ് തീരുമാനം. വഞ്ചനാപരമായ ഈ തീരുമാനം പുനഃപരിശോധിക്കണം എന്നാണ് വി.ടി ബല്‍റാം പറഞ്ഞത്.
അതേസമയം യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെതിരെ തുറന്നടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രംഗത്ത് . ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ഈ ഗൂഢനീക്കത്തിന്റെ മുഖ്യശില്‍പ്പി ഉമ്മന്‍ ചാണ്ടിയാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അറിഞ്ഞു കൊണ്ട് തോറ്റു കൊടുത്തതാണ്. കോണ്‍ഗ്രസിന്റെ സീറ്റ് നഷ്ടപ്പെട്ടാലും ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ രാജ്യസഭയിലേക്ക് പോകണ്ട. ചില ഗ്രൂപ്പ് നേതാക്കളുടെ അജണ്ടയാണ് നടപ്പിലാക്കുന്നത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണാനാണ് ചിലരുടെ ആഗ്രഹം. തനിക്കെതിരെ യുവ എം.എല്‍.എമാര്‍ പ്രതികരിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പ്രേരണ മൂലമാണെന്നും കുര്യന്‍ തുറന്നടിച്ചു.

തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തി യുവ എംഎല്‍എമാരും രംഗത്ത് . എതിര്‍പ്പുമായി ആറ് യുവ എം.എല്‍.എമാര്‍ രംഗത്തെത്തി. ഇവര്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അറിയിച്ച് അത്ത് അയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ്.ശബരീനാഥ്, അനില്‍ അക്കര, വി.ടി.ബല്‍റാം, റോജി എം.ജോണ്‍ എന്നിവരാണ് പരാതി അയച്ചത്.സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലുടെ കോണ്‍ഗ്രസ് നേതൃത്വം കെഎം മാണിക്ക് മുന്നില്‍ കീഴടങ്ങിയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. ഈ തീരുമാനത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.കേരള കോണ്‍ഗ്രസിന് സീറ്റ് അനുവദിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ം്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് സ്ഥാനം രാജിവച്ചു. മറ്റ് നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.

Top