സ്വന്തം ലേഖകൻ
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നൽകിയ ഹിന്ദു യുവവാഹിനിയുടെ പ്രവർത്തനം ഏതാണ്ട് അവസാനിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹിന്ദു യുവവാഹിനി സംഘടനയിലേക്ക് അംഗത്വം നൽകുന്നത് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.
ബി.ജെ.പി അംഗങ്ങളല്ലാത്ത കുറ്റവാളികളുടെ നുഴഞ്ഞ് കയറ്റമാണ് ഹിന്ദു യുവ വാഹിനിയിൽ അക്രമ സംഭവങ്ങൾ കൂടുന്നതെന്നാണ് ഹിന്ദു യുവ വാഹിനി ജനറൽ സെക്രട്ടറി പി.കെ മാളിന്റെ വിശദീകരണം. അതുകൊണ്ട് തന്നെ അടുത്ത ആറ് മാസത്തേക്കുള്ള അംഗത്വ വിതരണമാണ് നിർത്തി വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടയിലേക്ക് ബി.ജെ.പിക്കാരല്ലാത്ത ചിലർ നുഴഞ്ഞ് കയറുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ഗോസംരക്ഷണത്തിന്റേയും ലൗജിഹാദിന്റേയും പേര് പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നത് ഇത്തരക്കാരാണെന്നുമാണ് ഇവരുടെ വാദം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനിയുടെ ആക്രമത്തിൽ മുസ്ലിം വയോധികൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നാണ് അറിയുന്നത്.
യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ വലിയ തോതിലുള്ള അതിക്രമമാണ് ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അരങ്ങേറുന്നത്.
ഉത്തർപ്രദേശിൽ മുസ്ലീം മത വിശ്വാസിയായ അമ്പത്തഞ്ചുകാരനെ കഴിഞ്ഞ ദിവസം യുവവാഹിനി അംഗങ്ങൾ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ബുലന്ദ്ഷർ നിവാസിയായ ഗുലാം മുഹമ്മദിനെയാണ് അക്രമി സംഘം ക്രൂര മർദ്ദനത്തിരയാക്കി കൊന്നത്. അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയാണെന്ന് ഗുലാം മുഹമ്മദിന്റെ മകൻ ആരോപിച്ചു.
ഗുലാം മുഹമ്മദിന്റെ അയൽവാസിയായ യൂസഫ് ന്നെ 22കാരൻ ഹിന്ദു പെൺകുട്ടിയുമായി കഴിഞ്ഞയാഴ്ച ഒളിച്ചോടിയിരുന്നു. ഇവരെക്കുറിച്ച് വിവരങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് സംഘം ഗുലാം മുഹമ്മദിനെ മർദ്ദിച്ചു കൊന്നത്. പിതാവിന്റെ മരണത്തിന് പിന്നിൽ ഹിന്ദു യുവാഹിനി പ്രവർത്തകരാണെന്നാണ് ഗുലാമിന്റെ മകൻ യാസീൻ പറയുന്നത്.


