മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം; ജീവനു ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

കൊല്ലം: മാതാ അമൃതാനന്ദമയിക്ക് കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്.

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരത്തെ കരിമ്പൂച്ചകളുടെ സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രത്യേക സുരക്ഷാ പദവി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ കരിമ്പൂച്ചകള്‍ക്ക് ചെലവ് നല്‍കാന്‍ കാശില്ലാത്തതും കൊണ്ട് കുമ്മനവും അത് വേണ്ടെന്ന് വച്ചു. അതിന് ശേഷമാണ് അമൃതാനന്ദമയിക്ക് കേന്ദ്ര സേനയെ സുരക്ഷയ്ക്ക് വിന്യസിക്കുന്നതിനുള്ള ഈ തീരുമാനം. ഫലത്തില്‍ വിവിഐപിയെ പോലെ റോഡിലൂടെ സര്‍വ്വതന്ത്രസ്വതന്ത്രയായി വള്ളിക്കാവ് ആശ്രമാധിപതിക്ക് സഞ്ചരിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. മാതാ അമൃതാനന്ദമയിക്കു കേന്ദ്ര സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്. കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിലും അമൃതാനന്ദമയിക്കും 40 സിആര്‍പിഎഫ് ജവാന്മാരെ സുരക്ഷയ്ക്കായി നിയോഗിക്കും. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍സമയവും ഒപ്പമുണ്ടാവും. യന്ത്രതോക്കേന്തിയ സുരക്ഷാ ഭടന്മാരാണ് കാവല്‍ നില്‍ക്കുക. കേരളത്തില്‍ ആദ്യമായി ഇസഡ് കാറ്റഗറി സുരക്ഷ കിട്ടുന്ന വ്യക്തിയാണ് അമൃതാനന്ദമയീ.

അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്. അമൃതാനന്ദമയിയെ കൊലപ്പെടുത്തി കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ഇതോടെയാണ് അമ്മയുടെ സുരക്ഷ പരമാവധി കൂട്ടാന്‍ തീരുമാനം. സുരക്ഷാ ഭടന്മാരുടെ ചെലവ് ആശ്രമം വഹിക്കേണ്ടി വരുമെന്നാണ് സൂചന. ശതകോടികളുടെ വരവുള്ളതുകൊണ്ട് തന്നെ വള്ളിക്കാവ് ആശ്രമത്തിന് ഇതൊരു പ്രശ്‌നവുമാവില്ല.

2012ല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്‌നാം കൊല്ലപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അവസരമൊരുക്കി.

ആശ്രമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും, മരണത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധം ഉണ്ടെന്നെല്ലാം വാദമെത്തി. എന്നാല്‍ ഇതെല്ലാം അന്വേഷണത്തില്‍ തെറ്റെന്ന് തെളിഞ്ഞു. ആശ്രമത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ പല വിവാദങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാല്‍ സുരക്ഷ കര്‍ശനമാക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.

കേരളത്തിലെ ബിജെപി രാഷ്ട്രീയത്തെ പലും അമൃതാനന്ദമയിയാണ് നിയന്ത്രിക്കുന്നതെന്ന് സൂചനയുണ്ട്. വള്ളിക്കാവ് ആശ്രമത്തിന്റെ ഇടപെടലാണ് വെള്ളാപ്പള്ളി നടേശനെ ബിജെപി ക്യാമ്പിലെത്തിച്ചതെന്നും വിലയിരുത്തലുണ്ട്. മോദിയും അമിത് ഷായുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് വള്ളിക്കാവ് ആശ്രമത്തില്‍ സജീവമാണ്. ഈ നേതാവിന്റെ ഇടപെടലാണ് അമൃതാനന്ദമയിക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും ബീക്കണ്‍ ലൈറ്റ് ഉപേക്ഷിക്കുമ്പോഴാകും കേന്ദ്ര സേനയുടെ അകമ്പടിയുടെ പിന്‍ബലത്തില്‍ ഇനി അമൃതാന്ദമയീയുടെ യാത്രകള്‍. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ആശ്രമം തുടര്‍ന്നും പിന്തുണ നല്‍കും.

യോഗ ഗുരു ബാബ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനം ഉയര്‍ന്നിരുന്നു. രാം ദേവിനെ സന്തോഷിപ്പിച്ച് നിശബ്ദനാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് നിരവധി യോഗ ഗുരുക്കന്മാര്‍ ഉള്ളപ്പോള്‍ ബാബ രാംദേവിന് മാത്രം സുരക്ഷ നല്‍കുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഐ നേതാവ് ഡി രാജയെ പോലുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു.
എന്നാല്‍ അമൃതാനന്ദമയിയുടെ കാര്യത്തില്‍ ആരും വിമര്‍ശനം ഉയര്‍ത്തില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയാം. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന.

Top