ദില്ലി: ഇസ്ലാമിക മതപണ്ഡിതനായ സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണം യുവാക്കളെ തീവ്രവാദ ബന്ധമുള്ള കേസില്‍ ഉള്‍പ്പെടുന്നതിനു കാരണമായെന്ന് ആരോപണം. സാക്കിര്‍ നായിക്കിനെതിരെ സര്‍ക്കാര്‍ തീവ്രവാദക്കുറ്റം ചുമത്തിയേക്കും.
നായികിന്റെ എന്‍ജിഒ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നു കേന്ദ്രം പ്രഖ്യാപിച്ചു. തീവ്രവാദത്തിന് പ്രേരിപ്പിച്ചു എന്നാണ് നായികിനെതിരായ കുറ്റം. ജൂലൈയില്‍ ധാക്കയില്‍ നടന്ന റസ്റ്റോറന്റ് ആക്രമണത്തിന് പ്രചോദനമായത് നായികിന്റെ പ്രഭാഷണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നായികിന്റെ പ്രഭാഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നായികിനെതിരെ യുഎപിഎ പ്രകാരം കേസെടുക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ജിഹാദിന് പ്രചോദനമാകുന്ന തരത്തില്‍ പ്രസംഗിച്ചെന്നു ആഭ്യന്തര മന്ത്രാലയം പറയുന്നു. മുന്‍പ് തീവ്രവാദക്കേസുകളില്‍ പിടിയിലായ ആളുകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നായികിനെതിരെ ആഭ്യന്തര മന്ത്രാലയം കേസെടുക്കാന്‍ നിയമോപദേശം തേടിയത്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്‍ ജീവനക്കാരന്‍ ഫിറോസ് ദേശ്മുഖ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗമായിരുന്ന ഖാത്തീല്‍ അഹമ്മദ് സിദ്ദിഖി, ഐഎസ് റിക്രൂട്ടര്‍ അഫ്ഷ ജബീന്‍, ഐഎസ് അനുകൂല സംഘടനയായ ജുനൂദ് അല്‍ ഖാലിഫ ഇ ഹിന്ദില്‍ പ്രവര്‍ത്തിച്ചതിനു എന്‍ഐഎ അറസ്റ്റ് ചെയ്ത മുദബ്ബിര്‍ ഷെയ്ഖ്, മുഹമ്മദ് ഒബൈദുള്ള ഖാന്‍, അബു അനസ്, മുഹമ്മദ് നഫീസ് എന്നിവരില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഇതില്‍ ഫിറോസ് 2006-ലെ ഔറംഗാബാദ് ആയുധക്കടത്തു കേസില്‍ പങ്കാളിയാണ്. ഖാതീല്‍ 2012-ല്‍ പുണെയിലെ യേര്‍വാഡ ജയിലില്‍ കൊല്ലപ്പെട്ടു. അഫ്ഷ ജബീനെ 2015-ല്‍ യുഎഇയില്‍ നിന്നെത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും യുഎപിഎ നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. പൊതുപ്രഭാഷണങ്ങളിലൂടെ മതവിദ്വേഷം വളര്‍ത്തി എന്നാണ് കുറ്റം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നു എന്നു പറയപ്പെടുന്ന 17 പേരില്‍ ഒരാളുടെ സഹോദരനെയും വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇയാള്‍ നായികിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായാണ് നാടുവിട്ടതെന്നാണ് പറയപ്പെടുന്നത്. സമൂഹത്തിന്റെയും സമുദായത്തിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ശിക്ഷാര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെയാണ് നിയമവിരുദ്ധം എന്നു യുഎപിഎയില്‍ നിര്‍വചിക്കുന്നത്.