ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ കേസില്‍ അ​ജു വ​ർ​ഗീ​സ് അ​റ​സ്റ്റി​ൽ

കൊച്ചി: കൊച്ചിയിൽ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ നടൻ അജു വർഗീസ് അറസ്റ്റിൽ. കളമശേരി പോലീസാണ് അജു വർഗീസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജുവിനെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിമയത്തിലെ 228 (എ) വകുപ്പാണ് അജുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിവാദഫേസ്ബുക്ക് പോസ്റ്റിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് പോലീസ് കേസെടു ത്തത്.തനിക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതിന് അജു വർഗീസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അജു വർഗീസിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്ന് കാണിച്ച നടി നൽകിയ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിരുന്നു. എന്നാൽ കേസ് പിൻവലിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

അജുവിന്‍റെ ഹർജിയെ സർക്കാർ എതിർത്തതോടെയാണ് കോടതി കേസ് നടക്കട്ടെയെന്ന് വിധിച്ചത്. കേവലം വ്യക്തിപരമായ പ്രശ്നമല്ലിതെന്നും കേസ് പിൻവ ലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു സർക്കാർ വാദം.അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മനപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്‍റെ അടുത്ത സുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് നടൻ ദിലീപിനെതിരേ അന്വേഷണം തിരിഞ്ഞ ഘട്ടത്തിലാണ് അജു വർഗീസ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നടിയുടെ പേരെടുത്തു പറഞ്ഞ് വിവാദ പോസ്റ്റിട്ടത്. നടിക്ക് പിന്തുണ അറിയിക്കുന്നതിനൊപ്പം സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവരണമെന്നും അജു വ്യക്തമാക്കിയിരുന്നു.

Latest
Widgets Magazine