വിവാഹിതയാകാന്‍ വിധിക്കപ്പെട്ടത് മൂന്നാം വയസ്സില്‍; 17 വയസുവരെ അവളുടെ ജീവിതം…

മൂന്നാം വയസ്സില്‍ കല്യാണം കഴിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹം 17 വയസ്സില്‍ റദ്ദാക്കി.രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവരുന്നത്.ജോധ്പൂരിലെ സുന്താല സ്വദേശിയായ പെണ്‍കുട്ടിയാണ് മൂന്നാം വയസ്സില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായത്. 2003 സെപ്റ്റംബറിലായിരുന്നു കല്യാണം. ശൈശവ വിവാഹം രാജസ്ഥാനിലെ ഉള്‍ഗ്രാമങ്ങളില്‍ പതിവാണ്.സമുദായ നേതൃത്വത്തിന്റെ നിര്‍ബന്ധപ്രകാരം പ്രതാപ് നഗര്‍ സ്വദേശിക്ക് മൂന്ന് വയസ്സുകാരിയെ വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ കുട്ടി വീട് വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. താലികെട്ടിയയാളോടൊപ്പം പോകാതെ കുട്ടി തന്റെ വീട്ടില്‍ തന്നെ തുടര്‍ന്നു.വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇയാള്‍ക്കൊപ്പം പോകാന്‍ കുട്ടി തയ്യാറായില്ല. ഇതോടെ ഭര്‍തൃവീട്ടുകാര്‍ കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കാലങ്ങളായി ഇത് തുടര്‍ന്നതോടെ കുട്ടിക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാനായില്ല.പഠനം മുടങ്ങുമോയെന്ന ഭീതി ബാധിച്ചതോടെ കുട്ടി കടുത്ത വിഷാദത്തിന് അടിമപ്പെട്ടു. ഇരുവീട്ടുകാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ സാരഥി ട്രസ്റ്റ് മേധാവി കീര്‍ത്തി ഭാരതി വിഷയത്തിലിടപെട്ടു.36 ശൈശവ വിവാഹങ്ങള്‍ നിയമപോരാട്ടങ്ങളിലൂടെ റദ്ദ് ചെയ്തിട്ടുണ്ട് സാരഥി ട്രസ്റ്റ്. സംഘടനയുമായി ചേര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു.ഒടുവില്‍ ജോധ്പൂര്‍ കോടതി ആ 17 കാരിക്ക് നീതി ലഭ്യമാക്കി. പ്രസ്തുത വിവാഹം റദ്ദാക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ പലയിടത്തും ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

Top