സിപിഐഎമ്മും കര്‍ക്കടകമാസാചാരണം തുടങ്ങുന്നു

തിരുവനന്തപുരം: സിപിഐഎമ്മും കര്‍ക്കടകമാസാചാരണം തുടങ്ങുന്നു. അടുത്തിടെ രൂപീകരിച്ച സംസ്‌കൃതസംഘത്തെ മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടി ‘കര്‍ക്കടകമാസാചാരണം’ തുടങ്ങുന്നത്.

സംസ്‌കൃത അധ്യാപകര്‍, പണ്ഡിതര്‍, ആ ഭാഷയോട് താല്‍പര്യമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നതാണ് സിപിഐഎമ്മിന്റെ സംസ്‌കൃത സംഘം.17 ന് ആരംഭിക്കുന്ന രാമായണമാസാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണു സംസ്‌കൃത സംഘം തീരുമാനിച്ചിരിക്കുന്നത്. രാമായണപ്രഭാഷണങ്ങള്‍, ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നടത്തും. 25നു തിരുവനന്തപുരത്ത് സംസ്ഥാനതല സെമിനാറുണ്ട്.

നേരത്തെ ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഐഎം ശോഭായാത്ര നടത്തിയിരുന്നു. വൈരുധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതമാണു പ്രവര്‍ത്തനമെങ്കിലും വിശ്വാസികളോടു പാര്‍ട്ടിക്ക് അയിത്തമില്ലെന്നാണ് നയം. അവരെയെല്ലാം വശത്താക്കാനാണു ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതിന് അനുവദിക്കുകയുമില്ല.

സിപിഐഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നാണ് സംസ്‌കൃതസംഘത്തിന്റെ ചുമതലയുള്ള സംസ്ഥാനകമ്മിറ്റി അംഗം വി.ശിവദാസന്‍ പ്രതികരിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ നടത്തുന്ന കാര്യങ്ങള്‍ക്കു പാര്‍ട്ടിയുടെ പിന്തുണയുണ്ടാകും.

നിരൂപകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടം ഉള്‍പ്പെടെയുള്ളവര്‍ വിവിധ ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും. രാമായണത്തെ ഇതിഹാസമായി കണ്ട് അതിന്റെ സാമൂഹികമായ സ്വാധീനത്തെക്കുറിച്ചു വിശകലനം ചെയ്യാനാണത്രേ പാര്‍ട്ടി ഉദ്ദേശിക്കുന്നത്.ക്ഷേത്ര നടത്തിപ്പിലും മറ്റും കൂടുതലായി ഇടപെടാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാമായണമാസാചരണം തന്നെ ഏറ്റെടുക്കുന്നത്. പാര്‍ട്ടിയുമായി ബന്ധമുള്ള ക്ഷേത്രക്കമ്മിറ്റിക്കാരുടെ യോഗം പലയിടങ്ങളിലും വിളിച്ചുചേര്‍ക്കുന്നുണ്ട്. ക്ഷേത്രക്കമ്മിറ്റികളില്‍ കൂടുതലായി ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Latest