വഞ്ചകന്‍: ബ്രസീല്‍ താരം ഫെര്‍ണണ്ടീഞ്ഞോയ്ക്ക് സ്വന്തം ആരാധകരുടെ വധഭീഷണി

പെനാല്‍റ്റി മിസ് ചെയ്ത കൊളംബിയന്‍ താരങ്ങള്‍ക്ക് വധഭീഷണികള്‍ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ബ്രീസിലിയന്‍ താരത്തിനെതിരെയും വധ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.

ബെല്‍ജിയത്തിനെതിരായ കളിയില്‍ ബ്രസീലിന്റെ ദുരന്തനായകനായി മാറിയ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് എതിരെയാണ് വധ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് മത്സരത്തില്‍ ബെല്‍ജിയത്തിന് തുടക്കത്തില്‍ തന്നെ ലീഡ് നേടി കൊടുത്തത്. പിന്നാലെ ഒരു ഗോള്‍ കൂടെ അടിച്ച് ബെല്‍ജിയം ലീഡുയര്‍ത്തുകയും ചെയ്തു. മറുപടിയായി ഒരു ഗോള്‍ മാത്രമേ ബ്രസീലിന് അടിക്കാന്‍ സാധിച്ചുള്ളൂ. ഇതോടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

ഫെര്‍ണാണ്ടീഞ്ഞോ ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്. താരത്തിനും കുടുംബത്തിനും നേരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണിവരെ ഉയരുകയാണ്. ഫെര്‍ണാണ്ടിഞ്ഞോയുടെ ഭാര്യ റോസ ഗ്ലോസിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ചീത്തവിളികളുടെ പെരുമഴയാണ്. ആക്ഷേപസന്ദേശങ്ങള്‍ അതിരുവിട്ടതോടെ ഫെര്‍ണാണ്ടിഞ്ഞോയുടെ അമ്മ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ നീക്കം ചെയ്യുന്നിടത്തെത്തി കാര്യങ്ങള്‍.

ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ഫെര്‍ണാണ്ടീഞ്ഞോയുടെ ശ്രമം സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു. ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി.

Latest