സുനന്ദ പുഷ്‌കറിന്‍െ്‌റ മരണം: ഒന്നാം പ്രതി ശശി തരൂര്‍; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി: വിവാദമായ സുനന്ദ പുഷ്‌കര്‍ മരണ കേസില്‍ ശശി തരൂര്‍ എംപിയെ ഡല്‍ഹി പൊലീസ് പ്രതിചേര്‍ത്തു. സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ ഡല്‍ഹി പൊലീസ് ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശശി തരൂര്‍ എംപിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രം.

കേസില്‍ കഴിഞ്ഞ മാസം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിദഗ്ധമായ ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം പറഞ്ഞത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് ശശി തരൂര്‍ എംപിക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ആകാതെ ഭാര്യയെ ഭര്‍ത്താവ് ഗാര്‍ഹികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിലാണ് 498 എ വകുപ്പ് ചുമത്തിയിരിക്കുന്നത്.

സാധാരണ 498 എ വകുപ്പുകള്‍ ചുമത്തുന്ന കേസുകളില്‍ ഉടനടി തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ തരൂരിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അന്വേഷണ സംഘത്തോട് ശശി തരൂര്‍ പൂര്‍ണമായി സഹകരിച്ചിരുന്നു. ആവശ്യപ്പെട്ടപ്പോഴെല്ലാം ശശി തരൂര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. അടുത്ത ആഴ്ച പാട്യാല ഹൗസ് കോടതിയില്‍ കേസ് പരിഗണിക്കും. ശശി തരൂര്‍ ഇവിടെ നേരിട്ട് ഹാജരായേക്കുമെന്നാണ് സൂചന.

2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ സ്യൂട്ട് മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍ തന്നെ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഇവര്‍ ഈ സമയത്ത് പരിചരണം തേടിയിരുന്ന രോഗത്തിന് നല്‍കിയ മരുന്നിന്റെ ഓവര്‍ഡോസാണോ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് സംശയം ഉയര്‍ന്നു. പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ റോമില്‍ ബാനിയയാണ് പാട്യാല ഹൗസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Latest
Widgets Magazine