പീഡന പരാതിയില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നില്ല; മേജര്‍ രവി

ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി. ബിഷപ്പിനെതിരെയും നടന്‍ ദിലീപിനെതിരെയുമുള്ള കേസ് താരതമ്യം ചെയ്താണ് മേജര്‍ രവി പ്രതികരിച്ചത്. ‘ദിലീപ് അറസ്റ്റിലായത് സമാനമായ കേസിലാണ്. ദിലീപിന് പറയാമായിരുന്നു തന്റെ കേസ് അന്വേഷിക്കാന്‍ അമ്മ സംഘടനയുണ്ടെന്നും അവര്‍ തീരുമാനിക്കട്ടെയെന്നും. പക്ഷെ ആരും അതിന് മുതിര്‍ന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണമുണ്ടാകുന്ന ഇത്തരം കേസില്‍ പൊതുവെ സംഘടനകളുടെ പിന്തുണ തേടാറില്ല’ മേജര്‍ രവി പറഞ്ഞു. കന്യാസ്ത്രീ പരാതി നല്‍കി ഇത്രയും നാളായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധവും മേജര്‍ രവി രേഖപ്പെടുത്തി.

ഇത്തരം കേസുകളില്‍ പ്രതികള്‍ ആയിരിക്കുന്ന സ്ഥാനങ്ങള്‍ നോക്കാതെ നടപടി സ്വീകരിക്കണം. ഒരു പള്ളികള്‍ക്കും പൊതുസമൂഹത്തോട് ഇതിനുള്ള ഉത്തരം നല്‍കാനാവില്ല. അഭയ കേസ് ഉണ്ടായി 26 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവര്‍ക്കും സ്ത്രീകളെ ബഹുമാനിക്കാനുള്ള ബാധ്യസ്ഥതയുണ്ടെന്നും മേജര്‍ രവി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കണം. പത്ത് വോട്ട് നേടാനായി ചെയ്യുന്നത് ആയിരം വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നും മേജര്‍ രവി വ്യക്തമാക്കി.

Latest
Widgets Magazine