വിശാലഐക്യം പറയുന്ന എന്‍.എസ്.എസ് ഹൈന്ദവ ജാതികളെ തഴയുന്നു; ദലിതരോട് അവജ്ഞയും അവഗണനയും

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന സമരത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്‍എസ്എസ് ആണ്. ഹൈന്ദവരുടെ ഏകീകരണം നേരത്തെ മുന്നോട്ട് വച്ച ഒരു സംഘടനകൂടിയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി. എന്നാല്‍ ഇത് പലതും മറയ്ക്കുന്ന പുകമറ മാത്രമാണെന്ന് ആരോപണം ഉയരുകയാണ്.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ എന്‍.എസ്.എസ്. കേസിന് പോയത് എതാനും ദിവസം മുമ്പാണ്. ഇത്തരത്തില്‍ ഹിന്ദു ഒന്നാണെന്ന് പറയുന്നുണ്ടെങ്കിലും അതിനകത്തെ മറ്റു ജാതികളെ ചവിട്ടിത്താഴ്ത്താനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ എന്‍.എസ്.എസിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചു കാട്ടുന്ന ഒ.പി. രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

‘പന്തളം രാജാവിന്റെ നാട്ടില്‍ ഒരു NSS കോളജുണ്ട്. അതില്‍ 102 അധ്യാപകരും 43 അനധ്യാപകരും അടക്കം 145 ജീവനക്കാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നു.അവിടെ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആരും ജോലി ചെയ്യുന്നില്ല. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്സിനും ‘പന്തളം രാജാവിനു’മൊപ്പം തെരുവിലിറങ്ങുന്ന പട്ടികജാതി ഹിന്ദുക്കള്‍ എന്തൊരു അശ്ലീലമാണ്’

എന്‍.എസ്.എസ്. തങ്ങളൊഴികെ ഉളള സമുദായങ്ങളോട് അവഗണനയും അവജ്ഞയുമാണ് കാട്ടുന്നത് എന്നാണ് ഒ.പി. രവീന്ദ്രന്‍ പറയുന്നത്. എന്‍.എസ്.എസ് നടത്തുന്ന ഇരുപതോളം കോളേജുകളില്‍ ഒരേഒരു അദ്യാപകന്‍ മാത്രമാണ് ദലിത് വിഭാഗത്തില്‍ നിന്നുള്ളത്. ആയിരത്തില്‍ കൂടുതല്‍ ആളുകള്‍ ഈ കോളെജുകളില്‍ ജോലി ചെയ്യമ്പോഴാണ് ദലിതര്‍ക്ക് നേരെ ഈ അവഗണന കാണിക്കുന്നത്.

എന്‍.എസ്.എസ് നടത്തുന്ന ഇരട്ടത്താപ്പിന്റെയും ചതിയുടേയും ചരിത്രം അറിയണമെങ്കില്‍ എയ്ഡഡ് കോളേജുകളുടെ കാര്യത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന രീതി മനസിലാക്കിയാല്‍ മതിയാകും. സര്‍ക്കാര്‍ പണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് കോളേജുകളിലും ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണം പാലിക്കണമെന്ന 2017ലെ ഹൈക്കോടതി വിധിയെ ലക്ഷങ്ങള്‍ ചെലവാക്കിയാണ് ഹര്‍ജി നല്‍കി അട്ടിമറിച്ചത്.

ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ഭരണഘടനാ അവകാശങ്ങള്‍ക്കെതിരെ എപ്പോഴും എന്‍.എസ്.എസ് നിലകൊണ്ടിട്ടുണ്ടെന്നുള്ളതാണ് സത്യം. ഇത്തരത്തില്‍ മറ്റ് ഹൈന്ദവ ജാതികളോട് ക്രൂരമായ അവഗണന കാണിക്കുന്ന എന്‍.എസ്എസാണ് ഹിന്ദു ഐക്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നത്. എന്നാല്‍ മുസ്ലീം മാനേജ്‌മെൻ്റിൻ്റെ കീഴിലുള്ള കോളേജുകളില്‍  ദലിതര്‍ക്കും മറ്റ് ജാതികള്‍ക്കും പ്രവേശനം ലഭിക്കുമ്പോഴാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും രവീന്ദ്രൻ പറയുന്നു.

Latest
Widgets Magazine