ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന എസ്‌ഐ അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന എഎസ്ഐ നാസര്‍ അറസ്റ്റില്‍. കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐയായ നാസറിനെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ നാസറിനെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒളിവിലിരുന്നും അതിന് മുന്‍പും നാസറും സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം നടത്തിയതും പൊലീസ് ഓഫീസര്‍ പ്രതിയായ കേസില്‍ പൊലീസ് ഒളിച്ചുകളി തുടര്‍ന്നതും ഏറെ വിവാദമായിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റില്‍വച്ചു നാസര്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണു പരാതി. കഴിഞ്ഞ മാസം 28നാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവായ നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണു പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

ആക്രമണത്തെ ചെറുക്കാന്‍ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമര്‍ത്തി പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി സിവില്‍ സര്‍വീസ് പരിശീലനത്തിനു പോയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു കാര്യം അറിഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെയും ബന്ധുക്കളെയും ഇയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Latest
Widgets Magazine