നിങ്ങള്‍ മൂന്നു പേരുടെ രഹസ്യ ചര്‍ച്ചയിലല്ലാ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്: ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരെ വീണ്ടും പാര്‍ട്ടിക്കഒള്ളില്‍ നിന്നു തന്നെ പരസ്യ രൂഷ വിമര്‍ശനം. ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് താനുള്‍പ്പെടുന്ന മൂന്ന് നേതാക്കന്മാര്‍ എടുത്ത തീരുമാനമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തിനെതിരെ തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസാണ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കന്മാരുടെ രഹസ്യ ചര്‍ച്ചയില്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭാ സീറ്റ് വിട്ടു നല്‍കുന്നതില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടന്നില്ല, തീരുമാനങ്ങളില്‍ ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചില്ലെന്നും പി ടി തോമസ് ആരോപിച്ചു. അതേസമയം തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ തനിക്ക് പറയാനുള്ളത് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സീറ്റ് കൈമാറ്റത്തിനെതിരെ യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനകത്ത് പിളര്‍പ്പ് രൂക്ഷമാകുമോ എന്ന് കണ്ടറിയേണ്ടതാണ്. യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കലാപം തന്നെയാണ് ഇതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

Latest