ഈ മണ്ഡലകാലം ദേവസ്വം ബോര്‍ഡിന് കഠിനം; വരവിനേക്കാള്‍ ചെലവ്, പൊലീസിന് ഭക്ഷണത്തിന് മാത്രം ദിവസം ചെലവ് പത്ത് ലക്ഷം

ശബരിമല: ഈ മണ്ഡലകാലം സര്‍ക്കാരിന് മാത്രമല്ല ദേവസ്വം ബോര്‍ഡിനും കഠിനകാലമാണ്. നടവരവ് കുറഞ്ഞത് മാത്രമല്ല വര്‍ധിച്ച ചെലവും വില്ലനായി വന്നിരിക്കുകയാണ്. സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് വലിയ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന് തലവേദനയാവുകയാണ്.

പതിവായി നിയോഗിക്കുന്ന പോലീസുകാരുടെ മൂന്നിരട്ടി പോലീസാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. പതിനായിരത്തോളം പേരാണ് സുരക്ഷയും മറ്റ് അനുബന്ധ ഡ്യൂട്ടികള്‍ക്കുമായി ഇവിടെയുള്ളത്. പൊലീസിന്റെ പരിപാലന ചെലവ് ഇതിലൂടെ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഭക്ഷണത്തിന് മാത്രമായി ദിവസവും പത്ത് ലക്ഷത്തിലധികം ചെലവ് വരുന്നുണ്ട്. നിലവില്‍ ഈ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെങ്കിലും തീര്‍ത്ഥാടന സീസണ്‍ കഴിയുമ്പോള്‍ ആകെ തുകയുടെ കണക്കെഴുതി ദേവസ്വം ബോര്‍ഡിന് നല്‍കുകയാണ് പതിവ്. ഇക്കുറി ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സര്‍ക്കാര്‍ അനുകമ്പ കാട്ടിയില്ലെങ്കില്‍ ഇത് ബോര്‍ഡിന് വന്‍ ബാധ്യതയായി തീരും.

നടവരവിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ തന്നെ ബാധിച്ചേക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ പോലീസിനായി വലിയൊരു തുക ചെലവാക്കുന്നത് ദേവസ്വം ബോര്‍ഡ് ആശങ്കയോടെയാണ് കാണുന്നത്.

Latest
Widgets Magazine