സിഡ്‌കോ എംഡിക്കെതിരെ ലൈംഗീക ആരോപണം; ജീവനക്കാരിയെ ശാരീരികമായി വഴങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന് പരാതി

കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിഡ്കോ ) മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ ലൈംഗികാരോപണം. സ്ഥാപനത്തിലെ തന്നെ ജീവനക്കാരിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിഡ്കോ എം ഡി കെ.ബി ജയകുമാറിനെതിരേയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ജീവനക്കാരിയായ സ്ത്രീ പരാതി നല്‍കിയത്. പോലീസ് എഫ്.ഐ.ആര്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും അവര്‍ക്കെതിരെ ലഭിച്ചിട്ടുള്ള നിരവധി പരാതികളില്‍ നിന്ന് രക്ഷപെടാനുള്ള വഴിയാണ് ഇപ്പോഴത്തെ ആരോപണം എന്നുമാണ് ജയകുമാര്‍ പറയുന്നത്. സിഡ്കോ ജീവനക്കാരിയായ പരാതിക്കാരിയെ ജയകുമാര്‍ 2018 ജൂലൈ മുതല്‍ 25 മുതല്‍ 2018 ജൂലൈ 28 വരെ നേരിട്ടും ഫോണിലൂടെയും, തന്റെ കീഴ്ജീവനക്കാരനായ ഉദ്യോഗസ്ഥന്‍ മുഖേനയും ലൈംഗികമായി കീഴ്പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തെന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരം.

സിഡ്കോ എംഡിയായ കെ ബി ജയകുമാറിനെതിരേ ഗുരുതരമായ ആക്ഷേപങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. 24 വര്‍ഷത്തെ സര്‍വീസ് സിഡ്കോയില്‍ ഉള്ള ജീവനക്കാരിയാണ് മാനേജര്‍ തസ്തികയില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഈ പരാതിക്കാരി. സര്‍ട്ടിഫിക്കറ്റ് ഓഫ് ഹോണര്‍ നല്‍കി അഞ്ച് തവണ സിഡ്കോ ആദരിച്ചിട്ടുള്ള തന്നെ ജയകുമാര്‍ എംഡിയായി ചുമതലയേറ്റശേഷം ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും താനതിന് വഴങ്ങാതിരിക്കുകയും ചെയ്തതോടെ നിരന്തരം ട്രാന്‍സ്ഫര്‍ ചെയ്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. വൈരാഗ്യബുദ്ധിയോടെ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു.

എംഡിയില്‍ നിന്നും നിരന്തരമായി ശല്യം ഉണ്ടായതോടെ വിഷയം പ്രത്യേകമായി സൂചിപ്പിക്കാതെ സിഡ്കോ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നാകെ ഒരു പരാതി നല്‍കിയിരുന്നു. ഒരു സ്ത്രീയായ തനിക്ക് സ്ഥാപനത്തിന്റെ എംഡിയോട് കലഹിച്ചു മുന്നോട്ട് പോകുന്നതിനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് താന്‍ ആ സമയത്ത് എംഡിയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരുന്ന ശാരീരിക ചൂഷണ ശ്രമത്തെ പ്രത്യേകമായി എടുത്ത് പറയാതിരുന്നതെന്നു പരാതിക്കാരി വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ വീണ്ടും ഒരു ട്രാന്‍സ്ഫര്‍ കിട്ടുകയും ഇതിന്റെ ഓഡര്‍ കൈയില്‍ വന്നതിനുശേഷം 25 ദിവസം മെഡിക്കല്‍ ലീവ് എടുത്തിരുന്നു. അവധി കഴിഞ്ഞ് വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചപ്പോഴും എംഡി വീണ്ടും തന്റെ ലൈംഗികാഗ്രഹങ്ങളുമായി തന്നെ സമീപിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. തന്റെ കീഴുദ്യോഗസ്ഥനെ ഉപയോഗിച്ചും എംഡി തന്നെ അദ്ദേഹത്തിന് വശംവദയാക്കാനുള്ള ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ഒട്ടും ബഹുമാനം തരാത്ത രീതിയിലാണ് എംഡിയായ ജയകുമാര്‍ പെരുമാറുന്നതെന്നും പരാതിക്കാരി പറയുന്നു. അശ്ലീലചുവ കലര്‍ന്നതും സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും വിലകല്‍പ്പിക്കാത്ത തരത്തിലുമാണ് എംഡിയില്‍ നിന്നുണ്ടാകുന്ന വാക്കുകള്‍ എന്നാണ് പരാതിക്കാരി പറയുന്നത്.

താന്‍ നേരിട്ട് ശ്രമിച്ചിട്ടും നടക്കാത്തതുകൊണ്ട് എംഡി അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ എബിന്‍ മുഖാന്തിരം തന്നെ ശല്യം ചെയ്യാനും ശ്രമിച്ചെന്നു പരാതിയില്‍ പറയുന്നു. എംഡി താമസിക്കുന്ന തൃശൂരിലെയോ പാലക്കാട്ടെയോ ഹോട്ടലില്‍ പോയി അദ്ദേഹത്തെ കണ്ടാല്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് എബിന്‍ തന്നെ ഫോണ്‍ വിളിച്ച് പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.

താന്‍ ശാരീരികമായി വഴങ്ങാത്തതിന്റെ പ്രതികാരമാണ് ഇപ്പോള്‍ എംഡിയില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനത്തിനു കാരണമെന്നാണ് പരാതിക്കാരി പറയുന്നത്. സ്വസ്ഥതയും സമാധാനവും തകര്‍ന്ന അവസ്ഥയിലാണ് ഒരു കുടുംബിനി കൂടിയായ താന്‍ ഇപ്പോള്‍. സഥാപനത്തിലെ മറ്റുള്ള ഉദ്യോഗസ്ഥരില്‍ നിന്നുപോലും തനിക്ക് അനുകൂലമായ നിലപാടുകളല്ല ഉണ്ടാകുന്നത്. ഇവിടെ ജോലി ചെയ്യുകയാണെങ്കില്‍ എംഡിയുടെ വ്യക്തിതാത്പര്യത്തിന് കീഴടങ്ങാതെ നില്‍ക്കാന്‍ കഴിയില്ലെന്നും അത് ഒഴിവാക്കണമെങ്കില്‍ അവധിയില്‍ പോകാനാണ് പല മേലുദ്യോഗസ്ഥരും തന്നെ ഉപദേശിക്കുന്നതെന്നുമാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്.

സ്ത്രീലംബടനും സ്ത്രീകളെ തന്റെ ഇംഗിതത്തിനു വിധേയാരാക്കാന്‍ വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത കെ.ബി ജയകുമാര്‍ തന്റെ താത്പര്യങ്ങളുമായി മുന്നോട്ടുപോകാന്‍ രാഷ്ട്രീയസ്വാധീനവും അധികാരവും ഉപയോഗിക്കുകയാണ്. ഇപ്പോള്‍ തന്നെ വേട്ടയാടുന്നതും ഈ സ്വാധീനവും അധികാരവും ഉപയോഗിച്ചാണ്. എങ്ങനെയെങ്കിലും ലൈംഗികമായി തന്നെ കീഴ്പ്പെടുത്തണം എന്ന ലക്ഷ്യത്തിലാണ് എംഡി. അതിനുവേണ്ടിയുള്ള പലവഴികളും നോക്കുകയാണ്. ഓഫിസിനുള്ളില്‍വച്ചു തന്നെയാണ് എംഡിയില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുള്ളതും. ജയകുമാര്‍ കാരണം താന്‍ മാനസികമായി ഏറെ തകര്‍ന്ന നിലയിലാണെങ്കിലും ജയകുമാറിന്റെ ഈ പെരുമാറ്റം സ്ത്രീകള്‍ക്കു നേരെയുള്ള കടന്നു കയറ്റവും തൊഴിലിടത്തെ പീഡനമായും കണ്ടുകൊണ്ട് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.

Latest
Widgets Magazine