വിട്ടയക്കാമെന്ന് പറഞ്ഞിട്ടും പോകാതെ ശശികലയും പ്രതിഷേധക്കാരും; തിരികെ സന്നിധാനത്ത് എത്തിക്കണമെന്ന് പിടിവാശി

സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടും അതിന് തയ്യാറാകാതെ നിര്‍ബന്ധ ബുദ്ധിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി.ശശികല. തിരികെ കൊണ്ടുപോയി സന്നിധാനത്ത് തൊഴാന്‍ അനുവദിക്കണമെന്നും അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ശശികലയുടെയും സ്റ്റേഷന്‍ വളഞ്ഞിരിക്കുന്ന പ്രതിഷേധക്കാരുടെയും ആവശ്യം.

കോടതിയില്‍ ഹാജരാക്കാമെന്നും ജാമ്യത്തിലിറങ്ങി വേണമെങ്കില്‍ ശബരിമലയ്ക്ക് പോകാമെന്നും തുടര്‍ന്ന് പൊലീസ് ഇവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് അറസ്റ്റില്‍ പ്രതിഷേധിച്ച് ശശികല ഉപവാസത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി.സുധീര്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം ശശികലയെ വിട്ടയച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ തുടരുമെന്ന് ബിജെപി വെല്ലുവിളി മുഴക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലയുമ്പോഴാണ് വീണ്ടും ബിജെപിയുടെ ഹര്‍ത്താല്‍ ഭീഷണി.

ശശികലയെ കസ്റ്റഡിയില്‍ താമസിപ്പിച്ചിരിക്കുന്ന റാന്നി പൊലിസ് സ്റ്റേഷന് ചുറ്റും ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. അറസ്റ്റ് നീചവും നിയമവിരുദ്ധവുമാണെന്നും ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സര്‍ക്കാരും പൊലീസും നിയമവാഴ്ചയുടെ അന്തകരായെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മരക്കൂട്ടത്ത് വെച്ച് പുലര്‍ച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. സംശയം തോന്നിയ ഏഴ് പേരെ പൊലീസ് തിരിച്ചയച്ചു. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ എന്നിവിടങ്ങളിലായി ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്തും ഒരാഴ്ചയ്ക്കകം ഒരു ഡ്രോണ്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.

ശബരിമല നട തുറന്ന സാഹചര്യത്തില്‍ ഡിജിപി മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. പമ്പയില്‍ കനത്ത പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പൊലീസ് അടക്കമുളളവരെ വിന്യസിച്ചിട്ടുണ്ട്. സംശയം തോന്നുന്നവരെ മാത്രമാണ് പൊലീസ് പരിശോധിക്കുന്നത്.

എന്തെങ്കിലും തരത്തിലുളള പ്രശ്‌നമുണ്ടാക്കാന്‍ സന്നിധാനത്തേക്ക് പോകുന്നവരാണ് എന്ന് തോന്നുന്നവരെയാണ് പൊലീസ് നിലവില്‍ പരിശോധിക്കുന്നത്. പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷാ വലയമാണുളളത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യം ശബരിമലയിലുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

Top