പതിനൊന്ന് വയസുകാരി സിറാജുന്നീസ കേരളാ പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ട് 25 വര്‍ഷം; രേഖകളില്‍ ഇന്നും കലാപകാരി

പാലക്കാട്: മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും സ്ത്രീ സംഘടനകള്‍ക്കുമൊന്നും അത്ര പരിചിതമായിരിക്കില്ല സിറാജുന്നീസ എന്ന പേര്. രണ്ടരപതിറ്റാണ്ടു മുമ്പ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കേ പൊലീസ് വെടിവച്ചുകൊന്ന ഈ പതിനൊന്നുകാരിയെ കേരളം എന്നേ മറന്നുപോയി. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്രയുമായി ബന്ധപ്പെട്ടുണ്ടായ സമുദായിക സംഘര്‍ഷത്തില്‍ പൊലീസ് നടത്തിയ ഭീകരതയാണ് സിറാജുന്നീസ എന്ന രക്തസാക്ഷിയെ സൃഷ്ടിച്ചത്. വെടിവയ്ക്കാന്‍ ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ നടപടിയൊന്നും നേരിടാതെ പിന്നീട് കേരള പൊലീസിന്റെ ഡിജിപി സ്ഥാനംവരെ അലങ്കരിച്ചു വിരമിച്ചിരിക്കുന്നു.

11 കാരി സിറാജുന്നീസയാണ് പോലീസിന്റെ വെടിയേറ്റ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ തല്‍ക്ഷണം മരിച്ചുവീണത്. പോലീസ് വെടിവെച്ചു കൊന്ന ഈ കൊച്ചു പെണ്‍കുട്ടി കേരളാപോലീസിന്റെ പട്ടികയില്‍ ഇപ്പോഴും കലാപകാരി. മരിച്ച് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ പരാമര്‍ശം പോലീസ് രേഖകളില്‍ ഇന്നും തുടരുന്നു. 1991 ഡിസംബര്‍ 15 നായിരുന്നു തൊണ്ടിക്കുളം യുപി സ്‌കൂള്‍ ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനി അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറകജുന്നീസയെ വെടിവെയ്ക്കാന്‍ അന്ന് പോലീസിന് പ്രചോദനമായത് രമണ്‍ ശ്രീവാത്സവയുടെ വിവാദ വയര്‍ലെസ് ആക്രോശമായിരുന്നെന്ന് പറയപ്പെടുന്നു. ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയുടെ രഥയാത്രയെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് വെടിവെയ്പ്പിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടിയത്. കന്യകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് എംഎം ജോഷി ഏകതായാത്ര നടത്തുന്ന സമയം. അതിന്റെ ഭാഗമായി ഒരു ഉപയാത്ര പാലക്കാട് പുതുപ്പളളിയിലെ മേപ്പറമ്പില്‍ സാമുദായിക സംഘര്‍ഷത്തിന് കാരണമായി.

അന്ന് ഷൊര്‍ണൂര്‍ എഎസ്പിയായിരുന്ന സന്ധ്യ രംഗം ശാന്തമാണെന്ന് കണ്‍ട്രോള്‍ റൂം നിയന്ത്രിച്ചിരുന്ന ഡിഐജി രമണ്‍ശ്രീവാത്സയെ അറിയിച്ചു. തുടര്‍ന്ന് സന്ധ്യയുടെ കയ്യിലെ വോക്കിടോക്കി സൂപ്രണ്ടിന് കൈമാറാന്‍ ഡിഐജി അറിയിച്ചു. തുടര്‍ന്നായിരുന്നു വെടിവെയ്പ്പ്. തല പിളര്‍ന്ന് തെറിച്ചു വീണ കുട്ടിയേയും കൊണ്ട് അയല്‍വാസി മുഹമ്മദ് ആശുപത്രിയിലേക്ക് ഓടി. പിന്നീട് പോലീസ് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരണം നടന്നു കഴിഞ്ഞിരുന്നു.

സംഭവത്തിന് ശേഷം അഞ്ചാമത്തെ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും സിറാജുന്നീസ ഇപ്പോഴും പോലീസിന് കലാപകാരി തന്നെ. രഥയാത്ര പാലക്കാട് പുതുപ്പള്ളി തെരുവില്‍ എത്തിയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ തമസ്‌ക്കരിച്ചു കൊണ്ട് നൂറണി അഗ്രഹാരത്തിലേക്ക് സിറാജുന്നീസയുടെ നേതൃത്വത്തില്‍ കലാപത്തിന് പുറപ്പെട്ടവരെ ഒതുക്കാനായിരുന്നു വെടിവെച്ചതെന്നു കൂടി പോലീസ് പറഞ്ഞൊപ്പിച്ചു. തൊട്ടടുത്ത ബ്രാഹ്മണ തെരുവിന് തീയിടാനും കൊള്ളയടിക്കാനും മൂന്നുറ് പേരുടെ ഒരു സംഘത്തെ ഈ 11 കാരി നയിക്കുകയായിരുന്നെന്നായിരുന്നു പോലീസിന്റെ വിചിത്ര വിവരണം. ഇതിന്റെ അടിസ്ഥാനത്തില്‍ എഴുതിച്ചേര്‍ത്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പിന്നീട് ഒരു തിരുത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

സിറാജുന്നീസയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. അവളുടെ മരണശേഷമായിരുന്നു കേസുപോലും. പോലീസ് റിപ്പോര്‍ട്ടില്‍ കലാപകാരിയെന്ന വിശേഷണം വന്നതിനാലാകം വെടിവെയ്പ്പിനോ, മരണത്തിനോ ഒരു നഷ്ടപരിഹാരം ഉണ്ടായിട്ടുമില്ല. അതേസമയം പാലക്കാട് നഗരത്തില സുല്‍ത്താന്‍പേട്ടയ്ക്കടുത്ത് ജീപ്പിലൂടെ പോകുമ്പോള്‍ ‘ഐ വാണ്ട് മുസ്ളീം ബോഡി’ എന്ന് രമണ്‍ ശ്രീവാത്സവ അലറുന്നത് അന്ന് കളക്ടറായിരുന്ന ശ്രീനിവാസന്റെ ചേംബറിലെ അവലോകന യോഗത്തിലെ തുറന്നുവെച്ച വയര്‍ലെസിലൂടെ എല്ലാവരും കേട്ടെന്നു വരെ ഉണ്ടായ ഒരു സംസാരത്തിന്റെ വിവരം അന്ന് കോടതയില്‍ എത്തിയിരുന്നു.

വയര്‍ലെസ്സ് ഉത്തരവിലേക്ക് നയിച്ച കാരണങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ അന്വേഷണം നടത്തിയെങ്കിലും എല്ലാറ്റിനെയും മറികടന്ന ശ്രീവാത്സവ രക്ഷപ്പെട്ടു. കേസ് തേച്ചു മായ്ക്കാന്‍ സാധ്യമായതെല്ലാം പോലീസ് ചെയ്തു. സിറാജുന്നീസയുടെ വീടിന് അരികില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ആരുമറിയാതെ മാറ്റി സ്ഥാപിച്ച അധികൃതര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ച വെടിയുണ്ടയുടെ ചീളുകള്‍ കയറിയാണ് പെണ്‍കുട്ടി മരിച്ചതെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നത്. സംഭവം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞ് സ്ഥാപിച്ച പോസ്റ്റില്‍ എഴുതിയിരുന്ന നിര്‍മ്മാണത്തീയതി പോലും പെയ്ന്റടിച്ചു മായ്ച്ചു.

Top