ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളിൽ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്ന് ഫോറൻസിക് വിദഗ്ദ്ധർ; ശ്രീജിത്തിന്റെ മരണം പൊലീസ് നടപ്പാക്കിയ കൊലപതാകമെന്ന് സ്ഥിരീകരിക്കാൻ ഇനി സംശയങ്ങൾ ഒന്നും ബാക്കിയില്ല

കൊച്ചി : വരാപ്പുഴ കേസിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിൽ ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളെ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്നു ഫൊറൻസിക് വിദഗ്ധരുടെ വിലയിരുത്തൽ പുറത്തു വന്നതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ശ്രീജിത്തിന്റെ വൃഷണങ്ങളുടെ ഉള്ളിൽ രക്തം കട്ടപിടിച്ചതിന്റെ പല അടരുകളിലുള്ള പരിശോധന നടത്തിയിട്ടുണ്ട്. പൊലീസ് മർദനക്കേസുകളുടെ സ്ഥിരം സ്വഭാവമുള്ള ക്ഷതങ്ങളാണിവ. ഈ സാഹചര്യത്തിൽ പൊലീസാണ് ശ്രീജിത്തിനെ കൊന്നതെന്ന് വ്യക്തമായി കഴിഞ്ഞു. വരാപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്‌പിയുടെ സ്‌ക്വാഡ് പിടികൂടിയതായി പറയുന്ന യുവാവിനെ മുനമ്പം പൊലീസിന്റെ വാഹനത്തിൽ എന്തിനാണെന്നതും ദുരൂഹമാണ്. എസ് പിയുടെ കില്ലർ സ്‌ക്വാഡാണ് കൊന്നതെന്ന് ലോക്കൽ പൊലീസും ലോക്കപ്പിലാണ് അടി കിട്ടിയതെന്ന് എസ് പിയുടെ സ്‌ക്വാഡും പഴിചാരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം എങ്ങുമെത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എസ് പിയുടെ പങ്ക് പോലും സംശയ നിഴലിൽ. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ടയാളാണ് എസ് പി എവി ജോർജ്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ദുരൂഹതകളും മറ്റും അറിയാവുന്ന ഉദ്യോഗസ്ഥൻ. അതുകൊണ്ട് തന്നെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുമെന്നാണ് വിലിയരുത്തൽ. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. വയറിന്റെ തൊലിപ്പുറത്ത് ചതവില്ലാതെ ചെറുകുടലിനേറ്റ മാരകമായ പരുക്ക് കസ്റ്റഡി പീഡനത്തിന് തെളിവാണ്. വയറിനു മുകളിൽ കനത്തിൽ മടക്കിയ കിടക്കവിരിയോ പ്ലാസ്റ്റിക്ക് ഷീറ്റോ ഇട്ട ശേഷം പൊലീസ് ബൂട്ടിന്റെ ഉപ്പൂറ്റികൊണ്ടു ശക്തിയായി ആവർത്തിച്ചു തൊഴിച്ചതിന് തെളിവാണ് ഇത്. ഇതുമൂലമാണ് ശ്രീജിത്തിന്റെ ചെറുകുടൽ മുറിഞ്ഞു വേർപെട്ടതെന്നാണ് നിഗമനം. പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന 18 മുറിവുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രാദേശികമായുണ്ടായ അടിപിടിയല്ല ശ്രീജിത്തിന്റെ ദേഹത്തുകാണപ്പെട്ട മുറിവുകൾക്കു കാരണമെന്ന് വ്യക്തമാണെന്നാണ് ഫോറൻസിക് വിദഗ്ദ്ധർ പറയുന്നത്. മർദനമേറ്റത് പൊലീസ് വാഹനത്തിനുള്ളിലാവാനും സാധ്യതയുണ്ട്. ഇതിനിടെ ശ്രീജിത്തിനു മർദനമേറ്റതായി സംശയിക്കുന്ന മുനമ്പം പൊലീസിന്റെ വാഹനം ഫൊറൻസിക് വിദഗ്ധരുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ മരണകാരണമായി കണ്ടെത്തിയ പരുക്കുകളിൽ പ്രധാനം ചെറുകുടലിൽ ഉണ്ടായതാണ്. കുടലിൽനിന്ന് പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങൾ രക്തത്തിൽ കലർന്നുണ്ടായ അണുബാധ എല്ലാ ആന്തരീക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. ശ്രീജിത്തിനു പരുക്കേറ്റത് ഏതെങ്കിലും പൊലീസ് വാഹനത്തിന് ഉള്ളിൽവച്ചാണോ എന്ന് കണ്ടെത്തിയാൽ അത് നിർണ്ണായകമാകും. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ തലമുടി, ശരീരസ്രവങ്ങൾ, രക്തം എന്നിവയുടെ സാമ്പിളുകൾ പൊലീസ് വാഹനങ്ങളിൽ വീണിട്ടുണ്ടോയെന്നു കണ്ടെത്താനാണു ക്രൈംബ്രാഞ്ച് ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സേവനം തേടിയിരിക്കുന്നത്. ഇതിന്റെ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതും നിർണ്ണായകമാകും.

Latest
Widgets Magazine