വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയാണോയെന്ന് ഹൈക്കാടതി

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. സര്‍ക്കാരിനെതിരായ കേസ് സര്‍ക്കാര്‍ അന്വേഷിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അന്വേഷണകാര്യത്തില്‍ കോടതി സിബിഐയുടെ നിലപാട് തേടിയിട്ടുണ്ട്. അതേസമയം അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത മാസം നാലിന് വിശദീകരണം നല്‍കണം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജിത്തിന്റെ ഭാര്യ അഖില കോടതിയെ സമീപിച്ചത്. ശ്രീജിത്തിനെ പ്രതി ചേര്‍ത്തതിലും അറസ്റ്റ് ചെയ്തതിലും ബാഹ്യഇടപെടലുകള്‍ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും സിപിഎം നേതാക്കളുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top