കോൺഗ്രസിൽ കലാപം.എംഎം ഹസ്സനെയും പി.പി.തങ്കച്ചനെയും മാറ്റാന്‍ എഐസിസി തീരുമാനം

ന്യുഡൽഹി :ചെങ്ങന്നൂർ തിരെഞ്ഞെടുപ്പ് തോൽ‌വിയിൽ തുടങ്ങിയ കോൺഗ്രസിലെ കലാപം മൂർഛിക്കുന്ന സാഹചര്യത്തിൽ എംഎം ഹസ്സനെയും പി.പി.തങ്കച്ചനെയും മാറ്റാന്‍ തീരുമാനിച്ചതായും സൂചന. സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിലും തീരുമാനമാകുകയുള്ളൂ.രാജ്യസഭാ സീറ്റ് പി.ജെ.കുര്യന് തന്നെ നല്‍കാന്‍ തീരുമാനം ഇല്ലെന്ന് എഐസിസി വ്യക്തമാക്കി . സംസ്ഥാന നേതാക്കളുടെ തീരുമാനം കേട്ട ശേഷമേ ആലോചനയുണ്ടാകൂവെന്നും എഐസിസി അറിയിച്ചു. രാജ്യസഭാ സീറ്റിനെ ചൊല്ലി യുവനേതാക്കള്‍ രംഗത്ത് വന്നതോടെയാണ് എഐസിസി നിലപാട് വ്യക്തമാക്കിയത്.പി.ജെ.കുര്യന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, അനില്‍ അക്കര ,ഹൈബി ഈഡന്‍, റോജി എം.ജോണ്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

പാര്‍ലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്നും ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ് വേണ്ടതെന്നും ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാന്‍ പുതിയ ഊര്‍ജവും പുതിയ മുഖവും ആവശ്യമാണെന്ന് മറ്റാരേക്കാളും പി.ജെ കുര്യന്‍ തന്നെ തിരിച്ചറിയണമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

പിജെ കുര്യന്‍ മാറണമെന്ന് റോജി എം.ജോണും ആവശ്യപ്പെട്ടു. മരണം വരെ എംഎല്‍എയോ എംപിയോ ആകണമെന്ന് നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നും റോജി പറഞ്ഞു.

അതേസമയം, അറുപത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി പാര്‍ലമെന്ററി പദവികളില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുകൊണ്ട് മുഴുവന്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകനാകുകയെന്ന മാതൃക എല്ലാവരും പിന്തുടരണമെന്നും പി.ജെ. കുര്യനെ പോലെ പ്രഗല്‍ഭനായ ഒരാളെ ഇനിയും വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടുണെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.

മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് പുതുമുഖം വന്നേപറ്റൂ. അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെയും മാറ്റണമെന്നും ഷാഫി പറഞ്ഞു. പിജെ കുര്യന്‍ ഔചിത്യപൂര്‍വം വിടവാങ്ങണമെന്ന് വി.ടി.ബല്‍റാമും ആവശ്യപ്പെട്ടു. ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തവരെ പരിഗണിക്കണം. സമഗ്രമാറ്റമില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നും ബല്‍റാം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണെന്ന് വിടി ബല്‍റാം പറയുന്നു.

രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും. പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടതെന്ന് ബല്‍റാം ഓര്‍മപ്പെടുത്തുന്നു. പകരം ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍,ടി.സിദ്ധീഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി പരിഗണിക്കാവുന്ന ചിലരുടെ പേരുകളും ബല്‍റാം നിര്‍ദ്ദേശിച്ചു.

Latest
Widgets Magazine