കെസി ജോസഫ് ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും…

കെസി ജോസഫ് ഇത്തവണ ഇരിക്കൂര്‍ വിട്ട് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കും. ഇതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നിലവില്‍ സിറ്റിംഗ് എംഎല്‍എമാരെല്ലാം മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി സീറ്റായിരുന്നു കെസി ജോസഫ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സീറ്റ് കിട്ടാനിടയില്ല. പകരം അനുനയിപ്പിച്ച് കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കാനാണ് നീക്കം. ജോസഫിന് കോട്ടയത്ത് ഏതെങ്കിലും സീറ്റ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ എന്‍ ജയരാജിനെതിരെ കടുത്ത പോരാട്ടത്തിനാണ് ജോസഫ് ഒരുങ്ങുന്നത്.

ഇരിക്കൂര്‍ ഒഴിച്ചുള്ള സിറ്റിംഗ് സീറ്റുകളിലൊന്നും മാറ്റമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇരിക്കൂറില്‍ നേരത്തെ തന്നെ മത്സരിക്കാനില്ലെന്ന് കെസി ജോസഫ് വ്യക്തമാക്കിയതാണ്. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് വിട്ട് കിട്ടുന്ന കാഞ്ഞിരപ്പള്ളിയില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനായി എ ഗ്രൂപ്പ് നീക്കം തുടങ്ങിയത്. അതേസമയം മുപ്പതോളം സീറ്റുകളില്‍ ഒരുപേരിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രശ്‌നമില്ല. രണ്ട് പേരടങ്ങുന്ന ലിസ്റ്റാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗിനായി കേരളത്തില്‍ നിന്ന് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് മത്സരിക്കുന്നത് 92 സീറ്റിലായിരിക്കും. ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. നേരത്തെ 95 സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. 50 മുതല്‍ 60 ശതമാനം വരെ പുതുമുഖങ്ങളാവും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവുക. സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ടാകും. ജയിക്കുന്നവര്‍ക്ക് മാത്രമേ ഇത്തവണ സീറ്റുണ്ടാവൂ. ഒമ്പതിന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനാണ് ഹൈക്കമാന്‍ഡിന് ആഗ്രഹം. ഇനി അന്ന് ധാരണയുണ്ടായില്ലെങ്കില്‍ പത്തിന് തന്നെ പ്രഖ്യാപിക്കും. അതില്‍ മാറ്റമുണ്ടാവില്ല.

മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്. അദ്ദേഹം മത്സരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇല്ലെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി പോകാനാണ് തീരുമാനം. മുല്ലപ്പള്ളിക്ക് മത്സരിക്കണമെങ്കില്‍ അങ്ങനെയാവാമെന്നും താരിഖ് അന്‍വര്‍പറയുന്നു. അതേസമയം ബുധനാഴ്ച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുമെന്ന് കെസി വേണുഗോപാലും പറഞ്ഞു.

ജോസഫിനെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇടപെട്ട് അനുനയിപ്പിച്ചിരിക്കുകയാണ്. ഒമ്പത് സീറ്റ് നല്‍കിയാണ് അദ്ദേഹത്തെ ഒതുക്കിയത്. കോട്ടയത്ത് മൂന്ന് സീറ്റും നല്‍കി. പ്രശ്‌നം തല്‍ക്കാലത്തേക്ക് അവസാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ദില്ലിക്ക് തിരിച്ചു. കെപിസിസി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യം അടക്കം ഹൈക്കമാന്‍ഡാണ് തീരുമാനിക്കുക. എല്‍ഡിഎഫില്‍ ജോസിന് ലഭിച്ചതിനേക്കാള്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവാണ് ജോസഫിന് ലഭിച്ചത്. പക്ഷെ പ്രതീക്ഷിച്ച സീറ്റുകള്‍ തന്നെ അദ്ദേഹം നേടിയെടുത്തു.

ജോസഫിന്റെ പിടിവാശി പോലെ 11 സീറ്റ് ലഭിച്ചില്ല എന്നത് സത്യമാണ്. എന്നാല്‍ കോട്ടയത്ത് മൂന്ന് സീറ്റ് ലഭിച്ചത് നേട്ടമാണ്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതാണ് ഇതില്‍ അമ്പരിപ്പിച്ചത്. കോണ്‍ഗ്രസിന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി റെഡിയായി നിന്ന മണ്ഡലം കൂടിയായിരുന്നു ഇത്. എന്നിട്ടും ജോസഫ് അത് നേടിയെടുത്തു. പേരാമ്പ്ര സീറ്റ് കൂടി ജോസഫ് ചോദിച്ചെങ്കില്‍ തരില്ലെന്ന് തീര്‍ത്ത് കോണ്‍ഗ്രസ് പറഞ്ഞു. ജോസിന് പത്തില്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചതിനാല്‍ പത്തെങ്കിലും വേണമെന്നാണ് ജോസഫിന്റെ ആവശ്യം.

ലീഗിന് അധികമായി ലഭിക്കാനുള്ള മൂന്ന് സീറ്റിലാണ് ഇനി തീരുമാനമാകാനുള്ളത്. പേരാമ്പ്ര സീറ്റില്‍ ലീഗിനും കണ്ണുണ്ട്. മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്‍ അധ്യക്ഷനാവുക എന്ന ഫോര്‍മുല ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ബന്ധം പിടിച്ചാല്‍ മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ മത്സരിക്കാനിറങ്ങും. വട്ടിയൂര്‍ക്കാവിലും നേമത്തും ആരെയും ഉറപ്പിച്ചിട്ടില്ല. പിസി വിഷ്ണുനാഥ്, കെപി അനില്‍ കുമാര്‍, ജ്യോതി വിജയകുമാര്‍, എന്നിവരാണ് വട്ടിയൂര്‍ക്കാവിലെ സാധ്യതാ ലിസ്റ്റിലുള്ളത്. നേമത്ത് എന്‍ ശക്തനും വിആര്‍ പ്രതാപനും പട്ടികയിലുണ്ട്. ഇതും അവസാന സസ്‌പെന്‍സിലേക്കാണ് നീളുന്നത്.

Top