തിരുവന്തപുരം: ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി തൃശൂര്‍ വലപ്പാട് സ്വദേശി കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി (49) പിടിയിലായി. ദുബായില്‍ വെച്ച് ഇന്റര്‍പോളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വീട്ടുജോലിക്കെന്ന പേരില്‍ വ്യാജപാസ്‌പോര്‍ട്ടില്‍ നെടുമ്പാശ്ശേരി വഴി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസില്‍ 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വിദേശത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ കഴക്കൂട്ടം സ്വദേശി യുവതി മുംബൈ വിമാനത്താവളത്തില്‍ 2012 ഡിസംബര്‍ അഞ്ചിന് പിടിയിലായി. ഇതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വെച്ചാണ് വ്യാജ പാസ്‌പോര്‍ട്ടുമായി ഇവരെ പിടികൂടിയത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന് കൈമാറുന്നതിനായിരുന്നു പെണ്‍കുട്ടികളെ കടത്തിയത്. കഴക്കൂട്ടം സ്വദേശിനിയുടെ ചിത്രം ജ്യോതി മോഹന്‍ എന്ന പേരിലുളള പാസ്‌പോര്‍ട്ടില്‍ ചേര്‍ത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കഴക്കൂട്ടം സ്വദേശിയെ പിന്നീട് സി.ബി.ഐ. മാപ്പുസാക്ഷിയാക്കിയിരുന്നു.
കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി. (49), തെക്കുംകര മഠത്തിവിളാകം വീട്ടില്‍ ലിസി സോജന്‍ (45), കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ആണ്ടുരുത്തിയില്‍ സേതുലാല്‍ (ബഷീര്‍48), തിരുവനന്തപുരം വട്ടപ്പാറ ചിറ്റാഴ വിശ്വവിഹാറില്‍ അനില്‍കുമാര്‍ വി. (44), ഇടുക്കി കട്ടപ്പന 20ഏക്കര്‍ പാറയ്ക്കല്‍ വീട്ടില്‍ ബിന്ദു പി.വി. (29), കൊല്ലം പുനലൂര്‍ മണിയാര്‍ ദേശം കുഴിവിള വീട്ടില്‍ ശാന്ത (43), തൃശ്ശൂര്‍ എറിയാട് ആവണിത്തറയില്‍ മനീഷ് എ.പി. (34), തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ നഗര്‍ മെയിന്‍ സ്ട്രീറ്റില്‍ സുധര്‍മന്‍ കെ. (59), എറണാകുളം ചമ്പക്കര പായപ്പളളി വര്‍ഗീസ് റാഫേല്‍ (46), തൃശ്ശൂര്‍ ചാവക്കാട് പണിക്കവീട്ടില്‍ കബീര്‍ പി.കെ. (55), തൃശ്ശൂര്‍ ചാഴൂര്‍ വലിയകത്ത് സിറാജ് (35), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ തോട്ടുങ്ങല്‍ വീട്ടില്‍ ടി.എ. റഫീഖ് (സുനില്‍43), മലപ്പുറം ചേലേമ്പ്ര മുരിയിടത്ത് വീട്ടില്‍ എം. രമേശന്‍ എന്ന ബാബു (39) എന്നിവരാണ് ഒന്നുമുതല്‍ 13 വരെ പ്രതികള്‍.
പ്രതികള്‍ക്കെതിരെ മാനഭംഗം, ഗൂഢാലോചന, വീടിനുള്ളില്‍ പൂട്ടിയിടുക, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ട് ചമച്ചതുമായി ബന്ധപ്പെട്ട് ഐ.ടി. ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഒമ്പതാം പ്രതി വര്‍ഗീസ് റാഫേല്‍, 11ാം പ്രതി സിറാജ് എന്നിവര്‍ ഒളിവിലാണ്.
ഒന്നാം പ്രതി സുരേഷാണ് ഗള്‍ഫില്‍ വേശ്യാലയം നടത്തിയതെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലിസ്സി സോജന്‍ അവിടെ ഇയാളുടെ സഹായിയായിരുന്നു. അനില്‍, ബിന്ദു, ശാന്ത എന്നിവര്‍ ഏജന്റുമാരായിരുന്നു. സേതുലാല്‍, മനീഷ് എന്നിവരും സഹായികളായിരുന്നു. സുധര്‍മനും രമേശനും ട്രാവല്‍ ഏജന്റുമാരും വര്‍ഗീസ് ലിസ്സിയുടെ സഹായിയുമാണ്. റഫീഖ് ലിസ്സിയുടെ ഡ്രൈവറാണ്. ഏഴു പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി.