കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്കായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എമിറേറ്റ്‌സ് അധിക സര്‍വീസ് നടത്തും 10, 11, 12 തീയതികളിലായിരിക്കും വിമാനങ്ങള്‍ അധിക സര്‍വീസുകള്‍ നടത്തുന്നത്.
രാവിലെ 6.15നു ദുബായില്‍ നിന്നും തിരിക്കുന്ന EK8532 വിമാനം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. ഉച്ചയ്ക്ക് 1.25നു തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന EK8533 വിമാനം ദുബായില്‍ വൈകുന്നേരം 3.55 നു എത്തുന്നതായിരിക്കും.
രാവിലെ 9.20നു ദുബായില്‍ നിന്നും തിരിക്കുന്ന EK8530 വിമാനം വൈകീട്ട് 3.05 നു തിരുവനന്തപുരത്തു എത്തും. വൈകുന്നേരം 4.30നു തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം 7 മണിയോട് കൂടി ദുബായില്‍ എത്തുന്നതായിരിക്കും.
കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബാധിക്കപെട്ട എമിറേറ്റ്‌സ് വിമാനങ്ങളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വിവരങ്ങള്‍ അറിയുവാനായി +91 9167073333 അല്ലെങ്കില്‍ +91 9167003333 എന്ന ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഷെഡ്യൂളുകളെക്കുറിച്ചറിയാന്‍ യാത്രക്കാര്‍ക്ക് www.emirates.com സന്ദര്‍ശിക്കാവുന്നതാണ്.
നിലവിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിക്കുന്നതായും തുടര്‍ന്നുള്ള അറിയിപ്പുകള്‍ യാത്രക്കാരെ അറിയിക്കുമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.
അതേസമയം, കനത്ത മഴയിൽ പാതകളിൽ വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങൾ വീണും വിവിധ ജില്ലകളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്കു ശമനമുണ്ടായതോടെ ചിലയിടങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
കുട്ടനാട്ടിലൂടെയുള്ള ആലപ്പുഴ – ചങ്ങനാശേരി റോഡിൽ വെള്ളം കയറുന്നു. കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി നിർത്തി.
ചങ്ങനാശ്ശേരി – ആലപ്പുഴ കെഎസ്ആർടിസി സർവീസ് നിർത്തി.
ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കെഎസ്ആർ ടിസിയുടെ എല്ലാ സർവീസുകളും നിർത്തിവച്ചു. കുട്ടനാട് തഹസീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കനത്ത മഴയോടൊപ്പം കിഴക്കൻ വെള്ളം ഒഴുകിയെത്തുകയും കുടി ചെയ്തതോടെ ശനിയാഴ്ച രാവിലെ മുതൽ എ സി റോഡിൽ വെള്ളം കയറി തുടങ്ങിയിരുന്നു. വെള്ളം എത്തിയതോടെ വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുമ്പോൾ ഓളം തല്ലി റോഡിനിരുവശവുമുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി തഹസീൽദാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആർടിസി സർവീസ് നിർത്തിയത്.
കോട്ടയം– കുമളി റൂട്ടിൽ വണ്ടിപ്പെരിയാർ ഭാഗത്തുണ്ടായിരുന്ന വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലമുണ്ടായ തടസ്സം മാറിയതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആർടിസി സർവീസുകൾ തുടങ്ങി. കുമളി– കട്ടപ്പന– എറണാകുളം റൂട്ടിൽ ചേലച്ചുവട് ഭാഗത്ത് റോഡ് തകർന്നതിനാൽ കെഎസ്ആർടിസി സർവീസ് തുടങ്ങിയിട്ടില്ല.
പാലാ– കോട്ടയം റോഡിൽ ചിലയിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ട്. വാഹന ഗതാഗതം തടസപ്പെട്ടിട്ടില്ല. ബസുകൾ സർവീസ് നടത്തുന്നുണ്ട്. കോട്ടയം– കുമരകം റോഡിലും അയ്മനം തിരുവാർപ്പ്, ആർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി.
കുമരകം, ചങ്ങനാശേരി, കോട്ടയം പട്ടണത്തിന്റെ താഴ്ന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറുന്നു. പാലാ, ഈരാറ്റുപേട്ട മേഖലകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി കോട്ടയം–കുമരകം റോഡ്, ചങ്ങനാശേരി– ആലപ്പുഴ റോഡ്, തലയോലപ്പറമ്പ്– വൈക്കം റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി.
ഇടുക്കി കുടയത്തൂർ പഞ്ചായത്തിലെ കൈപ്പ ഗവ. എൽപിഎസിനു സമീപം നേരിയ ഉരുൾപൊട്ടൽ. പുതുതായി നിർമിച്ച റോഡ് ഒലിച്ചു പോയി. കല്ലാർകൂട്ടിക്കും പനംകുട്ടിക്കും ഇടയിൽ റോഡ് വീണ്ടു കീറി. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ പുതുതായി നിർമിച്ച പാറത്തോട് സമാന്തര പാലം തകർന്നു.
തൃശൂർ – കോഴിക്കോട് റൂട്ടിൽ മലപ്പുറം ജില്ലയിൽ എവിടെയും തടസ്സമില്ല. കെഎസ്ആർടിസി സർവീസ് നടത്തുന്നു. മറ്റു റൂട്ടുകളിലെല്ലാം തടസ്സമുണ്ട്. മിക്ക നഗരങ്ങളും ഒറ്റപ്പെട്ടുകിടക്കുന്നു.
കോഴിക്കോട് – മലപ്പുറം – പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി ബൈപാസിൽ വെള്ളമുണ്ടെങ്കിലും വലിയങ്ങാടി വഴി കടത്തിവിടുന്നുണ്ട്. എന്നാൽ, കൂട്ടിലങ്ങാടി, കീരംകുണ്ട്, ഓരാടംപാലം എന്നിവിടങ്ങൾ വെള്ളത്തിനിടയിൽ ആയതിനാൽ ഇതേ റൂട്ടിൽ മലപ്പുറം – പെരിന്തൽമണ്ണ ഭാഗത്ത് ഗതാഗതമില്ല.
പാലക്കാട്ടുനിന്നുള്ള കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുന്നു. മലപ്പുറം നഗരത്തിൽ കിഴക്കേത്തല, കോട്ടപ്പടി ജംക്‌ഷനുകൾ വെള്ളത്തിലാണ്. കോഴിക്കോട് റോഡിലും വെള്ളക്കെട്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി എറണാകുളം, തൃശൂർ, കോഴിക്കോടു ഭാഗത്തേക്കും ആവശ്യാനുസരണം സർവീസ് നടത്തുന്നതായി അധികൃതർ പറഞ്ഞു. ഇതു വരെ 48 ഷെഡ്യൂളുകളാണ് വിമാനത്താവളത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്തത്. യാത്രക്കാരുടെ ലഗേജ് കൂടി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലഗേജ് ഉള്ളതിനാൽ ബസിൽ സീറ്റ് നിറയെ യാത്രക്കാരെ കൊണ്ടുപോകാൻ പ്രയാസം നേരിടുന്നു.
വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർ പരമാവധി സഹകരിച്ചാൽ മാത്രമേ ഈ സാഹചര്യം നേരിടാനാകുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.